'കറുത്തമ്മാ... എന്നെ വിട്ടിട്ട് പോകാൻ കറുത്തമ്മയ്‌ക്ക് സാധിക്കുമോ കറുത്തമ്മേ... കറുത്തമ്മ പോയാൽ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും...'പ്രണയിനിയെ നഷ്‌ടപ്പെടുമെന്നുറപ്പാകുമ്പോൾ പരീക്കുട്ടി വിരഹത്തോടെ പറയുകയാണ്.. മധു എന്ന നടനെ കുറിച്ച് പറയുമ്പോൾ മലയാളികളുടെ ഉള്ളിലേക്ക് ആദ്യം ഓടിയെത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് ചെമ്മീൻ എന്ന ചിത്രത്തിലെ കൊച്ചുമുതലാളിയായ പരീക്കുട്ടി.
മാധവൻ നായർ എന്ന വ്യക്തി മധുവായത് മലയാള സിനിമയുടെ വളർച്ചൊക്കപ്പമാണ്. മലയാള സിനിമ എന്നാൽ സത്യനും നസീറുമായിരുന്ന കാലത്ത് അതേ മേഖലയിൽ തന്‍റേതായ സ്ഥാനം വളർത്തിയെടുത്ത് പ്രേക്ഷക ഹൃദയങ്ങളിലേക്ക് വളരെ വേഗം നടന്നുകയറിയ അത്ഭുത പ്രതിഭ. മലയാള സിനിമയുടെ കാരണവർ... (Actor Madhu Birthday)
കാലത്തിന്‍റെ തിരശ്ശീലയിൽ ചാർത്തിയ കയ്യൊപ്പുകൾ:മധുവിന്‍റെ അരങ്ങേറ്റം ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിലൂടെയായിരുന്നു. രാമു കാര്യാട്ടിന്‍റെ മൂടുപടം ആയിരുന്നു മധു ആദ്യം അഭിനയിച്ച മലയാള ചിത്രം. എന്നാൽ ആദ്യം പുറത്തിറങ്ങിയ മലയാള സിനിമ നിണമണിഞ്ഞ കാൽപ്പാടുകൾ ആണ്. കാലം മധുവിനായി കരുതിവച്ച കഥാപാത്രം എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ചിത്രത്തിലെ താരത്തിന്‍റെ പ്രകടനം. പ്രേംനസീറിന്‍റെ നായക കഥാപാത്രത്തിനൊപ്പം നിൽക്കുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ മധുവിന്‍റേത്. സത്യന് വേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു അത്. എന്നാൽ, നടന വൈഭവം കൊണ്ട് മധു ഞെട്ടിച്ചുകളഞ്ഞു.
അവിടുന്നിങ്ങോട്ട് ഭാർഗവീനിലയം, ചെമ്മീൻ, ചുക്ക്, നുരയും പതയും, ഗന്ധർവ ക്ഷേത്രം, മുറപ്പെണ്ണ്, കടൽ, തുലാഭാരം, ഓളവും തീരവും, നാടൻപ്രേമം, സ്വയംവരം, ഏണിപ്പടികൾ, കള്ളിച്ചെല്ലമ്മ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ.. 300ലേറെ കഥാപാത്രങ്ങൾ.. മലയാള സിനിമ നമുക്ക് നൽകിയ സൗഭാഗ്യമായി മധു എന്ന കലാകാരൻ.. മലയാളികള്‍ നെഞ്ചേറ്റിയ സാഹിത്യകൃതികള്‍ സിനിമയായപ്പോള്‍ അതിലെ കഥാപാത്രങ്ങൾക്ക് അദ്ദേഹം ഉയിരേകി.