കേരളം

kerala

ETV Bharat / entertainment

മലയാളിയെ പൊട്ടിച്ചിരിപ്പിച്ച 'മച്ചമ്പി വിളി', ഹാസ്യ താരമായും സ്വഭാവ നടനായും വിസ്‌മയിപ്പിച്ച പ്രതിഭയ്‌ക്ക് വിട - മലയാളികളുടെ സ്വന്തം ഹാസ്യ നടന്‍

കെ എസ് പ്രേംകുമാര്‍ സ്‌റ്റേജിലെത്തിയപ്പോള്‍ കൊച്ചുപ്രേമനായി. നാല് പതിറ്റാണ്ടില്‍ നൂറോളം സിനിമകള്‍.. മികവുറ്റ കഥാപാത്രങ്ങള്‍... ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി...

Actor Kochu Preman passed away  Kochu Preman passed away  ഹാസ്യ നടന്‍ കൊച്ചു പ്രേമന്‍ വിടവാങ്ങി  കൊച്ചു പ്രേമന്‍ വിടവാങ്ങി  കൊച്ചു പ്രേമന്‍  Kochu Preman died  Actor Kochu Preman profile  Kochu Preman  ശരീരം കൊണ്ട്‌ അഭിനയിച്ച കൊച്ചു പ്രേമന്‍  മലയാളികളുടെ ഹാസ്യ നടന്‍ ഇനിയില്ല  കെ എസ് പ്രേംകുമാര്‍  മലയാളികളുടെ സ്വന്തം ഹാസ്യ നടന്‍
കൊച്ചുപ്രേമന്‍ യാത്രയായി

By

Published : Dec 3, 2022, 5:55 PM IST

Updated : Dec 3, 2022, 6:02 PM IST

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മലയാളികളുടെ സ്വന്തം ഹാസ്യ നടന്‍ ഇനി ഓര്‍മയില്‍. അതേ, മലയാളികളെയും മലയാള സിനിമയയെയും കണ്ണീരിലാഴ്‌ത്തി കൊച്ചുപ്രേമന്‍ യാത്രയായി.

കെ.എസ് പ്രേം കുമാര്‍ എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ഥ നാമം. 1979ലാണ് കൊച്ചുപ്രേമന്‍ സിനിമയിലെത്തുന്നത്. 43 വര്‍ഷമാണ് അദ്ദേഹം മലയാള സിനിമയ്‌ക്കായി സംഭാവന നല്‍കിയത്.

43 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കുമായി അദ്ദേഹം സമ്മാനിച്ചത് നൂറോളം സിനിമകള്‍. ഇക്കാലയളവില്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ പതിഞ്ഞ നിരവധി കഥാപാത്രങ്ങള്‍. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനി സ്‌ക്രീനിലും നിറസാന്നിധ്യമായിരുന്നു കൊച്ചുപ്രേമന്‍.

കളരമതില്‍ ശിവരാമന്‍ ശാസ്‌ത്രിയുടെയും ടിഎസ് കമലത്തിന്‍റെയും മകനായി തിരുവനന്തപുരത്തെ പേയാടില്‍ 1955 ജൂണ്‍ ഒന്നിനായിരുന്നു ജനനം. ആറ് സഹോദരങ്ങളാണ് കൊച്ചുപ്രേമന്. പേയാട് ഗവണ്‍മെന്‍റ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം തിരുവനന്തപുരത്തെ മഹാത്മാ ഗാന്ധി കോളജില്‍ നിന്നാണ് ബിരുദം നേടിയത്.

കൊച്ചുപ്രേമന്‍ എന്നാണ് സിനിമയിലെ പേര്. നടന്‍ തന്നെയാണ് കെ.എസ് പ്രേംകുമാര്‍ എന്ന പേര് കൊച്ചുപ്രേമന്‍ ആക്കി മാറ്റിയത്. തന്‍റെ ഉയരക്കുറവിന് ഈ പേര് അനുയോജ്യമാകുമെന്നായിരുന്നു നടന്‍റെ വിശ്വാസം. സീരിയല്‍ നടി ഗിരിജ പ്രേമന്‍ ആണ് ഭാര്യ. 1984ലായിരുന്നു വിവാഹം. പി.ജി ഹരികൃഷ്‌ണന്‍ ഏക മകനാണ്.

ശേഷം നിരവധി നാടക ട്രൂപ്പുകളില്‍ സജീവമായി. കാളിദാസ കലാകേന്ദ്രം, കേരള തിയേറ്റേഴ്‌സ്‌, സംഘചേതന തുടങ്ങിയ നാടക ട്രൂപ്പുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നാടകങ്ങളിലൂടെയാണ് സിനിമയിലേയ്‌ക്കുള്ള കൊച്ചുപ്രേമന്‍റെ വാതില്‍ തുറന്നത്. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് കൊച്ചുപ്രേമന്‍ സിനിമയില്‍ എത്തുന്നതും ചുവടുറപ്പിക്കുന്നതും.

1979ല്‍ പുറത്തിറങ്ങിയ 'ഏഴു നിറങ്ങള്‍' ആയിരുന്നു അരങ്ങേറ്റ ചിത്രം. എന്നാല്‍ രാജസേനന്‍- ജയറാം കൂട്ടുകെട്ടിലൊരുങ്ങിയ 'ദില്ലിവാല രാജകുമാരന്‍' (1996) എന്ന സിനിമയിലൂടെയാണ് കൊച്ചുപ്രേമന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് കഥാനായകന്‍ (1997), രാജതന്ത്രം (1997), ഇരട്ടക്കുട്ടികളുടെ അച്ഛന്‍ (1997), ദി കാര്‍ (1997), ഗുരു (1997), പഞ്ചലോഹം (1998), ആയുഷ്‌മാന്‍ഭവ (1998), വിസ്‌മയം (1998), ഞങ്ങള്‍ സന്തുഷ്‌ടരാണ് (1999), പട്ടാഭിഷേകം (1999) എന്നീ സിനിമകളിലും വേഷമിട്ടു.

2000 ആയപ്പോഴേക്കും അദ്ദേഹം മലയാള സിനിമയിലെ അറിയപ്പെടുന്ന ഹാസ്യ നടനായി മാറി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നീലത്തടാകത്തിലെ നിഴല്‍പക്ഷികള്‍ എന്ന സിനിമയാണ് 2000ല്‍ അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് കാതര (2000), തെങ്കാശിപ്പട്ടണം (2000), നാറാണത്തു തമ്പുരാന്‍ (2001), നരിമാന്‍ (2001), അച്ഛനെയാണെനിക്കിഷ്‌ടം (2001), പ്രണയകാലത്ത് (2001), കോരപ്പന്‍ ദി ഗ്രേറ്റ് (2001) സ്രാവ് (2001), ഉത്തമന്‍ (2001), കല്യാണരാമന്‍ (2002), വരും വരുന്നു വന്നു (2003), തിളക്കം (2003), സ്വന്തം മാളവിക (2003), അരിമ്പാറ (2003), സത്യം (2004), കുസൃതി (2004), കൊട്ടാരം വൈദ്യന്‍ (2004) തുടങ്ങി നിരവധി സിനിമകളില്‍ 2000ന്‍റെ തുടക്കത്തില്‍ വേഷമിട്ടു.

ഉടയോന്‍ (2005), തൊമ്മനും മക്കളും (2005), ഇമ്മിണി നല്ലൊരാള്‍ (2005), ഛോട്ട മുംബൈ (2007), ക്രേസി ഗോപാലന്‍ (2008), ആയിരത്തില്‍ ഒരുവന്‍ (2009), സ്വന്തം ലേഖകന്‍ (2009), കളേഴ്‌സ് (2009), പാസഞ്ചര്‍ (2009), സര്‍ക്കാര്‍ കോളനി (2010), നല്ലവന്‍ (2010), ശിക്കാര്‍ (2010), പ്ലസ്‌ ടു (2010), മേരിക്കുണ്ടൊരു കുഞ്ഞാട് (2010), ഇന്‍ ഗോസ്‌റ്റ് ഹൗസ് ഇന്‍ (2010), പാപ്പി അപ്പച്ച (2010), ബ്ലൂട്ടിഫുള്‍ (2011), മായാമോഹിനി (2012), ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ (2012), ഓര്‍ഡിനറി (2012), മുല്ലമൊട്ടും മുന്തിരിച്ചാറും (2012), തത്സമയം ഒരു പെണ്‍കുട്ടി (2012), റോമന്‍സ്‌ (2013), സൗണ്ട് തോമ (2013), വല്ലാത്ത പഹയന്‍ (2013), ഗോഡ്‌ ഫോര്‍ സെയില്‍, സക്കരിയയുടെ ഗര്‍ഭിണികള്‍ (2013), ആക്ഷന്‍ ഹീറോ ബിജു (2016), കെയര്‍ ഓഫ്‌ സൈറ ബാനു (2017), കാര്‍ബണ്‍ (2018), കുട്ടന്‍പിള്ളയുടെ ശിവരാത്രി (2018), തട്ടുമ്പുറത്ത് അച്ചുതന്‍ (2018), ഷിബു (2019), ദി പ്രീസ്‌റ്റ് (2021) തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങള്‍. കടുവ ആണ് അദ്ദേഹത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ പ്രധാന ചിത്രം.

സിനിമ മാത്രമല്ല ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്നു കൊച്ചുപ്രേമന്‍. കൂടെവിടെ, ലൈഫ്‌ ഈസ് ബ്യൂട്ടിഫുള്‍, ലൈഫ്‌ ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2, സിനിമാല, സ്വാമി അയ്യപ്പന്‍, കടമറ്റത്ത് കത്തനാര്‍ എന്നീ ഏഷ്യാനെറ്റ് പരമ്പരകളിലൂടെ വീട്ടമ്മമാരുടെയും ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചിരുന്നു കൊച്ചുപ്രേമന്‍. ഏഷ്യാനെറ്റിന് പുറമെ സീ കേരളം, സൂര്യ ടിവി, മഴവില്‍ മനോരമ, ഫ്ലവേഴ്‌സ്‌, കൈരളി ടിവി, അമൃത ടിവി, മീഡിയ വണ്‍, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളിലും സീരിയലുകളും പരിപാടികളും അവതരിപ്പിച്ചിരുന്നു അദ്ദേഹം. സീ കേരളത്തിലെ മിസിസ് ഹിറ്റ്‌ലര്‍, സൂര്യ ടിവിയിലെ കളിവീട്, മഴവില്‍ മനോരമയിലെ പ്രേക്ഷകരെ ആവശ്യമുണ്ടേ, തട്ടീം മൂട്ടിം തുടങ്ങിയവയും അദ്ദേഹത്തിന്‍റെ പ്രധാന സീരിയലുകളാണ്.

നാല് പതിറ്റാണ്ടോളം മലയാള സിനിമയെ ചിരിപ്പിച്ച കൊച്ചു പ്രേമന്‍ ഇനിയില്ലെങ്കിലും മലയാളികളുടെ ഹൃദയത്തില്‍ ആ ചിരി എന്നും മായാതെ നിലനില്‍ക്കും.

Last Updated : Dec 3, 2022, 6:02 PM IST

ABOUT THE AUTHOR

...view details