ന്യൂഡല്‍ഹി :ജന്തർ മന്തറിൽ, ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി നടൻ കമൽ ഹാസൻ. വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച ബിജെപി എംപിയും റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധം നടത്തുന്ന ഇന്ത്യൻ താരങ്ങൾക്ക് അനുകൂലമായി വളരെ കുറച്ച് സെലിബ്രിറ്റികൾ മാത്രമേ രംഗത്തെത്തിയിട്ടുള്ളൂ എന്നിരിക്കെ പിന്തുണയറിയിച്ച് അവര്‍ക്ക് കരുത്തേകുകയാണ് ഇതിഹാസ താരം കമല്‍ഹാസന്‍.
ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തിന് ഒരു മാസം തികഞ്ഞ ചൊവ്വാഴ്‌ച ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. “ഗുസ്‌തി അത്‌ലറ്റുകളുടെ പ്രതിഷേധത്തിന് ഇന്ന് ഒരു മാസം തികയുന്നു. ദേശത്തിന്‍റെ മഹത്വത്തിന് വേണ്ടി പോരാടുന്നതിന് പകരം, വ്യക്തിഗത സുരക്ഷയ്ക്കായി പോരാടാൻ നമ്മൾ അവരെ നിർബന്ധിതരാക്കി.
ഇന്ത്യക്കാരെ, യഥാർഥത്തില്‍ ആരാണ് നമ്മുടെ ശ്രദ്ധ അർഹിക്കുന്നത്, നമ്മുടെ ദേശീയ കായിക പ്രതിഭകളോ അതോ ക്രിമിനൽ ചരിത്രമുള്ള രാഷ്‌ട്രീയക്കാരനോ?' എന്നായിരുന്നു ഉലകനായകന്‍റെ ട്വീറ്റ്. #IStandWithMyChampions #WrestlersProtest എന്നീ ഹാഷ്‌ടാഗുകളും താരം ട്വീറ്റ് ചെയ്‌തു. മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ ഇതിനോടകം ട്വീറ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
നിരവധി ആരാധകരാണ് ട്വിറ്ററിലെ കമലിന്‍റെ പ്രസ്‌താവനയെ പിന്തുണച്ച് രംഗത്തെത്തുന്നത്. അവർക്ക് കൂടുതൽ ശക്തി ലഭിക്കട്ടെയെന്നും, സംഭവത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് വളരെ ലജ്ജാകരമാണെന്നും ചിലർ കുറിച്ചു. 'ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്' - എന്നാണ് മറ്റൊരാൾ എഴുതിയത്.
പൂജ ഭട്ട്, സ്വര ഭാസ്‌കർ, സോനു സൂദ്, വിദ്യുത് ജംവാൽ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് ഇതുവരെ ഗുസ്‌തിക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സൗരവ് ഗാംഗുലിയെപ്പോലുള്ള കായിക താരങ്ങൾ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് പൊതുമധ്യത്തില്‍ മുറുമുറുപ്പുണ്ടാക്കുന്നുമുണ്ട്. പ്രായപൂർത്തിയാകാത്ത താരം ഉൾപ്പടെ 7 വനിത ഗുസ്‌തിക്കാരാണ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും ഗുസ്‌തി താരങ്ങൾ ഉയർത്തിയ ലൈംഗികാരോപണങ്ങളുടെ വെളിച്ചത്തിൽ തൽസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് താരങ്ങള്‍ ജന്തർ മന്തറിൽ നടത്തിവരുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മല്ലിക് എന്നിവരുൾപ്പടെ നിരവധി പ്രമുഖ ഗുസ്‌തി താരങ്ങളാണ് ജന്തര്‍ മന്തറില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
പ്രതിഷേധത്തിന്‍റെ 25-ാം ദിവസമായിരുന്ന മെയ് 19 ന് പ്രതിഷേധക്കാര്‍ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നിന്ന് ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലേക്ക് മാർച്ചും നടത്തിയിരുന്നു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അര്‍പ്പിച്ച് കര്‍ഷക സംഘടനകളും രംഗത്തെത്തിയിരുന്നു.
ഇതിനിടെ വിഷയത്തിലെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ അത്‌ലറ്റുമായ പി.ടി ഉഷയുടെ പ്രതികരണം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി തെരുവിലിറങ്ങുന്നതിന് പകരം ഗുസ്‌തി താരങ്ങള്‍ അധികൃതരെ നേരത്തെ സമീപിക്കേണ്ടതായിരുന്നു എന്നായിരുന്നു പി.ടി ഉഷയുടെ നിലപാട്.
അതേസമയം ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2'വിന്‍റെ ചിത്രീകരണ തിരക്കുകളിലാണ് കമൽഹാസൻ ഇപ്പോൾ . 1996-ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന സിനിമയുടെ തുടർച്ചയാണ് ഈ ചിത്രം. തന്‍റെ മകനുൾപ്പടെ അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ കൊല്ലുന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചത്.