വേറിട്ട പ്രകടനത്താല്‍ പ്രേക്ഷകർക്ക് പ്രിയങ്കരനായിത്തീർന്ന അഭിനേതാവാണ് ജോജു ജോർജ്. സ്വതസിദ്ധമായ ശൈലിയിലൂടെ മികച്ച അഭിനയ മുഹൂർത്തം പ്രേക്ഷകർക്ക് സമ്മാനിക്കാറുണ്ട് ജോജു. എന്നാലിപ്പോൾ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ചർച്ചയാകുന്നത്.
പുതിയ ചിത്രത്തിനായി വമ്പൻ മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ശരീര വണ്ണം തീരെ കുറച്ച് കഥാപാത്രമായി മാറിയിരിക്കുന്ന ജോജുവിന് കയ്യടിക്കുകയാണ് ആരാധകർ. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ആന്‍റണി’ക്ക് വേണ്ടിയാണ് ജോജു മേക്കോവർ നടത്തിയിരിക്കുന്നത്.
മേക്കോവറില്‍ ഞെട്ടിച്ച് ജോജു ജോർജ് ജോജു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആന്‍റണി’ സംവിധാനം ചെയ്യുന്നത് മലയാളത്തില്‍ നിരവധി ഹിറ്റുകൾ സമ്മാനിച്ച ജോഷിയാണ്. 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് ‘ആന്‍റണി’. സിനിമയുടെ 75 ശതമാനം ഷൂട്ടിങ്ങും പൂർത്തിയായതായാണ് വിവരം. അടുത്ത ഷെഡ്യൂൾ തമിഴ്‌നാട്ടിൽ ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
'പൊറിഞ്ചു മറിയം ജോസി'ൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർ ആന്‍റണിയിലും ശ്രദ്ധേയ വേഷത്തിലുണ്ട്. ഇവർക്ക് പുറമെ ആശ ശരത്തും കല്യാണി പ്രിയദർശനും ചിത്രത്തില്‍ അണിനിരക്കുന്നു. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മിക്കുന്ന ‘ആന്‍റണി’ ജോജു ജോർജിന്‍റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ്.
രാജേഷ് വർമയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. രണദിവെ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ശ്യാം ശശിധരന്‍ ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം.
ദിലീപ് നാഥ് കലാസംവിധാനവും പ്രവീണ്‍ വര്‍മ വസ്‌ത്രാലങ്കാരവും നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വിതരണം- അപ്പു പാത്തു പപ്പു പ്രൊഡക്‌ഷന്‍ ഹൗസ്, മാർക്കറ്റിങ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്‍റർടൈൻമെന്‍റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം ജോഷിയും ജോജു ജോർജും ആദ്യമായി ഒന്നിച്ച 'പൊറിഞ്ചു മറിയം ജോസ്' മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പൊറിഞ്ചുവായി ജോജുവും മറിയമായി നൈല ഉഷയും ജോസ് ആയി ചെമ്പന്‍ വിനോദും തകർത്തഭിനയിച്ച ചിത്രം ബോക്‌സോഫിസിലും തിളങ്ങിയിരുന്നു. ടൈറ്റില്‍ കഥാപാത്രങ്ങളായെത്തിയ ജോജു ജോർജിനും നൈല ഉഷയ്‌ക്കും ചെമ്പന്‍ വിനോദിനും ഒപ്പം വിജയരാഘവന്‍, സലിംകുമാര്‍, രാഹുല്‍ മാധവ്, നന്ദു, സുധി കോപ്പ, ജയരാജ് വാര്യര്‍, ടി ജി രവി, മാളവിക മേനോന്‍, മാല പാര്‍വതി, ഐ എം വിജയന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരന്നു.
മോഹന്‍ലാലും അമല പോളും പ്രധാന കഥാപാത്രങ്ങളായി 2015ല്‍ തിയേറ്ററുകളിലെത്തിയ 'ലൈലാ ഓ ലൈലാ'യ്‌ക്ക് ശേഷം നാല് വർഷത്തെ ഇടവേള എടുത്താണ് ജോഷി 'പൊറിഞ്ചു മറിയം ജോസു'മായി എത്തിയത്. സൗഹൃദയവും പ്രണയവും വിരഹവും പകയും പ്രതികാരവുമെല്ലാം കോർത്തണക്കിയ ചിത്രം മികച്ച അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്.
ALSO READ:തെലുഗുവിൽ അരങ്ങേറ്റം കുറിച്ച് ജോജു ജോർജ്; മാസ് ലുക്കിൽ ‘ചെങ്ക റെഡ്ഡി’ പോസ്റ്റര്‍