കേരളം

kerala

ETV Bharat / entertainment

കണ്ണുകളിലെ കടലാഴങ്ങൾ, മൗനത്തിലെ വാചാലത, മൂര്‍ച്ചയേറിയ ശബ്‌ദവിന്യാസം ; ഇർഫാൻ ഖാൻ എന്ന പ്രതിഭ

Remembering Irrfan Khan : അഭിനയമെന്നാൽ ജീവിതം തന്നെയെന്ന് ഓർമ്മിപ്പിച്ചു ഇർഫാൻ ഖാൻ. 1967 ജനുവരി 7നായിരുന്നു ഇർഫാന്‍റെ ജനനം. ഓർമകളിൽ പ്രിയ താരം.

Irrfan Khan movies  Remembering Irrfan Khan  ഇർഫാൻ ഖാൻ  ഇർഫാൻ ഖാൻ പിറന്നാൾ
Irrfan Khan

By ETV Bharat Kerala Team

Published : Jan 7, 2024, 2:00 PM IST

ലോകസിനിമയിലെ ഇന്ത്യൻ മുഖം. തടിച്ച പോളകളുള്ള വാചാലമായ കണ്ണുകൾ, കഥാപാത്രമായി അനായാസേനയുള്ള പകർന്നാട്ടം, ശബ്‌ദത്തിലെ മാന്ത്രികത,ഇർഫാൻ ഖാൻ. ഇന്ത്യൻ സിനിമാലോകം കണ്ട എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാൾ (Actor Irrfan Khan's birth anniversary).

വിടപറഞ്ഞെങ്കിലും അഴിച്ചുവച്ച മികവുറ്റ വേഷങ്ങളിലൂടെ ഇന്നും ജീവിക്കുന്ന മഹാപ്രതിഭ. ഉറക്കെയുള്ള അട്ടഹാസങ്ങളും വയലൻസും, വില്ലൻമാരെ അടിച്ചുനിരത്തി നായികയ്‌ക്ക് രക്ഷകനാകുന്ന ഹീറോയിസത്തിന്‍റെ ആഘോഷങ്ങൾക്കും വലിയൊരു ഫുൾ സ്റ്റോപ്പിട്ട് ബോളിവുഡിന്‍റെ നായക സങ്കൽപ്പങ്ങൾക്ക് പുതിയ മാനം നൽകിയ പേര് കൂടിയാണ് ഇർഫാൻ ഖാൻ. സൗമ്യമായ പുഞ്ചിരിയോടെ ഇർഫാൻ ഖാൻ സിനിമാസ്വാദകരുടെ മനസിലേക്ക് എളുപ്പത്തിൽ കയറിക്കൂടി.

ഓർമകളിൽ ഇർഫാൻ ഖാൻ

ഒരു ഗോഡ്‌ഫാദറിന്‍റെയും പിന്തുണയില്ലാതെയാണ് അയാൾ ബോളിവുഡിന്‍റെ വാതിലുകൾ തള്ളിത്തുറന്ന് അകത്തുകടന്നത്. 'ഖാൻ'മാർ അടക്കി വാഴുന്ന ബോളിവുഡിൽ എന്നാൽ ഇർഫാൻ ഖാന്‍റെ 'തട്ടകം' ഏറെ വ്യത്യസ്‌തമായിരുന്നു. അയാളുടെ കഥാപാത്ര തെരഞ്ഞെടുപ്പുകളും അഭിനയമെന്ന് തെല്ലും തോന്നിപ്പിക്കാത്ത പ്രകടനങ്ങളും കാഴ്‌ചക്കാർക്ക് നവീനമായ അനുഭവം സമ്മാനിച്ചു.

'ലഞ്ച് ബോക്‌സി'ലെ സാജൻ ഫെർണാണ്ടസ്

'ലഞ്ച് ബോക്‌സി'ലെ സാജൻ ഫെർണാണ്ടസ്. ഈ ഒരൊറ്റ കഥാപാത്രം മാത്രം മതി ഇർഫാന്‍റെ റേഞ്ച് എന്തെന്ന് ബോധ്യപ്പെടാൻ. വിരസവും നിരാശാഭരിതവുമായ ജീവിതം നയിച്ച, വിഭാര്യനായ ഒരു സർക്കാരുദ്യോഗസ്ഥനെ എന്തൊരു ഒതുക്കത്തോടെയാണ് അയാൾ തിരശീലയിലേക്ക് പകർത്തിവച്ചത്. ഒറ്റപ്പെടലിന്‍റെ വിഷാദം മറികടന്ന് ചോറ്റുപാത്രത്തിലൂടെ കൈമാറുന്ന കത്തുകളിലേക്ക് അവർക്കൊപ്പം നമ്മുടെ ലോകവും ഒതുങ്ങിപ്പോവുന്നു.

ഇർഫാൻ ഖാന്‍റെ 57-ാം ജന്മദിനം

റിതേഷ് ബാത്രയുടെ 'ലഞ്ച് ബോക്‌സി'ലെ ഓരോ രംഗങ്ങളും ഇർഫാൻ ഖാന് മാത്രം സാധ്യമാകുന്നതാണ്. ഷായരിയും ഫിലോസഫിയും ഇർഫാന്‍റെ ട്രേഡ് മാർക്കുകളാണ്. 'പികു'വും എടുത്തുപറയേണ്ട ചിത്രം തന്നെ. അമിതാഭ് ബച്ചനും ദീപികക്കും ഒപ്പമെത്തുമ്പോഴും അയാളുടെ പ്രകടനം വേറിട്ടുനിൽക്കുന്നു. ഇർഫാന്‍റെ നോട്ടങ്ങൾ പോലും സിനിമ കഴിഞ്ഞും ബാക്കിയാവുന്നു, സ്‌ക്രീനും കടന്ന് പ്രേക്ഷകന്‍റെ ഉള്ളിലേക്ക് അയാൾ ഇടിച്ചുകയറുന്നു.

ലോക സിനിമയിലെ ഇന്ത്യൻ മുഖം

വാക്കുകൾക്കിടയിലെ മൗനത്തിന് പോലും അർഥം നൽകുന്ന മാജിക്കും അയാൾക്ക് വശമുണ്ട്, അതുകൊണ്ടുതന്നെയാവണം ഷൂജിത് സർക്കാരും റിതേഷ് ബത്രയുമടക്കമുള്ള സംവിധായകർ അയാളെ ചേർത്തുപിടിച്ചത്. കണ്ണുകളിലെ കടലാഴങ്ങൾ പോലെ ഏതൊരു അഭിനേതാവും കൊതിക്കുന്ന ശബ്‌ദമാണ് ഇർഫാന്‍റേത്. എവിടെയൊക്കെയോ ഒരു തേങ്ങൽ അവശേഷിപ്പിക്കുന്ന ഇടർച്ചയും ശബ്‌ദ വിന്യാസങ്ങളും വാക്കുകൾക്കും അപ്പുറമാണ്.

ഇർഫാൻ ഖാൻ എന്ന പ്രതിഭ

ജീവിതത്തിന്‍റെയാകെ ഭാരം ഈ ശബ്‌ദത്തിൽ ഉൾച്ചേർന്നിട്ടുണ്ടെന്ന് തോന്നിപ്പോകും. വരികൾക്കിടയിലെ പോസിങ്ങിന് പോലും ഇത്രയേറെ അർഥമുണ്ടെന്ന് അയാൾ മനസിലാക്കിത്തന്നു. ആസിഫ് കപാഡിയയുടെ 'ദ വാരിയർ ', ശ്യാമപ്രസാദിന്‍റെ 'ബോക്ഷു ദി മിത്തി', വിശാൽ ഭരദ്വാജിന്‍റെ 'മക്ബൂൽ', പാൻ സിംഗ് തോമർ, തൽവാർ, കാർവാൻ, ദി നെയിം സേക് അങ്ങനെ കുറേ സിനിമകൾ. 30 വർഷം നീണ്ട കരിയറിൽ അമ്പതിലധികം സിനിമകളിലൂടെ ഇന്ത്യൻ സിനിമയെ അദ്ദേഹം സമ്പന്നമാക്കി, ലോക സിനിമയിലും തന്‍റെ സാന്നിധ്യം അറിയിച്ചു.

'ദി നെയിം സേക്', 'എ മൈറ്റി ഹാർട്ട്', ഓസ്‌കാർ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'ദി സ്ലംഡോഗ് മില്യണയർ', 'ലൈഫ് ഓഫ് പൈ', 'ദി അമേസിംഗ് സ്‌പൈഡർ മാൻ', 'ജുറാസിക് വേൾഡ്' തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടേയും നിരൂപകരുടേയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ ഇർഫാൻ ഖാനായി. ഇർഫാന്‍റെ ആകസ്‌മിക മരണം സിനിമാലോകത്ത് വലിയ ശൂന്യതയാണ് സൃഷ്‌ടിച്ചത്, അത് നികത്താനും പ്രയാസമാണ്.

ABOUT THE AUTHOR

...view details