തിരുവനന്തപുരം : ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പാപ്പൻ'. ജൂലൈ 29ന് ചിത്രം തിയേറ്ററുകളിൽ എത്തും. നിലവിൽ 'പാപ്പന്‍റെ' പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.
സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ എത്തുന്നുണ്ട്. മൈക്കിൾ എന്നാണ് ഗോകുൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ ആരാധകരോട് പങ്കുവയ്ക്കുകയാണ് ഗോകുൽ സുരേഷ്.
പാപ്പന്‍റെ വിശേഷങ്ങളുമായി ഗോകുൽ സുരേഷ് 'ഒരുപാട് പേടിയോടെയാണ് 'പാപ്പന്‍റെ' സെറ്റിലെത്തിയത്. പക്ഷേ കംഫർട്ടബിൾ ആയാണ് ജോഷി സാർ ട്രീറ്റ് ചെയ്‌തത്. അച്ഛനും നല്ല സപ്പോർട്ടായിരുന്നു. ജോഷി സാർ എന്ന യൂണിവേഴ്‌സിറ്റിയിൽ നിന്ന് കുറച്ച് കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്ന് വിശ്വസിക്കുന്നു' - തിരുവനന്തപുരം ലുലു മാളിൽ നടന്ന പാപ്പന്‍റെ പ്രമോഷൻ പരിപാടിയിലാണ് ഗോകുലിന്‍റെ പ്രതികരണം.
സുരേഷ് ഗോപിയുടെ കമ്മീഷണർ എന്ന ചിത്രത്തിലെ മാസ്റ്റർപീസ് ഡയലോഗ് പുനരാവിഷ്‌കരിച്ച് ഗോകുൽ ചടങ്ങില്‍ കൈയടി നേടി. ആദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്‍റെയും ക്യൂബ്‌സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് നിർമിക്കുന്നു.
ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് ആർ.ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്‌ത ചിത്രത്തിന്‍റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്.