മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (സതീഷ് ചന്ദ്ര കൗശിക്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 66 വയസായിരുന്നു.
ഡല്‍ഹിയിലെ ഒരു സുഹൃത്തിന്‍റെ വീട്ടിലായിരുന്ന സതീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായി സതീഷ് കൗശിക്കിന്‍റെ അടുത്ത സുഹൃത്തും നടനുമായ അനുപം ഖേര്‍ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പുലര്‍ച്ചെ ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്.
അനുപം ഖേര്‍ സതീഷ് കൗശിക്കിന്‍റെ വിയോഗ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചു. സതീഷുമൊത്തുള്ള ചിത്രങ്ങളും അനുപം ഖേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എനിക്കറിയാം മരണമാണ് ഈ ലോകത്തിലെ പരമമായ സത്യം. പക്ഷേ എന്‍റെ ഉറ്റസുഹൃത്ത് സതീഷ് കൗശിക്കിനെ കുറിച്ച് ഇങ്ങനെ എഴുതേണ്ടിവരുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾസ്റ്റോപ്പ്!! നീയില്ലാതെ ഒരിക്കലും ജീവിതം പഴയതുപോലെ ആകില്ല സതീഷ്! ഓം ശാന്തി' -അനുപം ഖേർ ട്വീറ്റ് ചെയ്‌തു.
'ഇത് നിരാശാജനകമാണ്. കലണ്ടർ, എയർപോർട്ട്, പപ്പു പേജർ, ഷറഫത്ത് അലി തുടങ്ങി നിരവധി ശ്രദ്ധേയമായ പ്രകടനങ്ങൾ. ഞങ്ങള്‍ നിങ്ങളെ ഓര്‍ക്കുകയും ഞങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ എന്നും ജീവിച്ചിരിക്കുകയും ചെയ്യും. നഷ്‌ടപ്പെട്ടതിൽ അഗാധമായ ദുഃഖം' -അനുപം ഖേറിന്‍റെ ട്വീറ്റിന് താഴെ ഒരു ആരാധകന്‍ കുറിച്ചു.
'സാധാരണമായ ഒരു ജീവിതത്തേക്കാൾ വലുതായി ജീവിച്ച മികച്ച വ്യക്തിയും മികച്ച നടനുമായ അദ്ദേഹം, സിനിമകളിലെ വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ പുഞ്ചിരി സമ്മാനിക്കുക മാത്രമല്ല, സാധാരണ ജീവിതത്തിലും അതേ സന്തോഷം പകരുകയും ചെയ്‌തു.... അദ്ദേഹം ഓർമ്മകളിൽ ജീവിക്കും...ഓം ശാന്തി' -മറ്റൊരു ആരാധകൻ എഴുതി.
സതീഷ് കൗശിക്കിന് ആദരാഞ്ജലി അര്‍പ്പിച്ച് നടി കങ്കണ റണാവത്തും ട്വീറ്റ് ചെയ്‌തിട്ടുണ്ട്. മികച്ച നടനും സംവിധായകനും എന്നതില്‍ ഉപരി അദ്ദേഹം നല്ലൊരു വ്യക്തിയായിരുന്നു എന്ന് കങ്കണ ട്വിറ്ററില്‍ കുറിച്ചു.
മാര്‍ച്ച് ഏഴിന് ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍ സംഘടിപ്പിച്ച ഹോളി ആഘോഷത്തില്‍ സതീഷ് പങ്കെടുത്തിരുന്നു. ആഘോഷത്തിന്‍റെ ചിത്രങ്ങളും സതീഷ് പങ്കുവച്ചിരുന്നു. താരത്തിന്‍റെ മരണം യഥാര്‍ഥത്തില്‍ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.
ആസ്വാദകരെ കീഴടക്കിയ കലണ്ടറും പപ്പു പേജറും: 1956 ഏപ്രില്‍ 13ന് ഹരിയാനയില്‍ ആയിരുന്നു സതീഷ് കൗശിക് എന്ന സതീഷ് ചന്ദ്ര കൗശിക്കിന്‍റെ ജനനം. ന്യൂഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലും പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലും പഠനം. 1980 കളുടെ തുടക്കത്തിലാണ് സതീഷ് തന്‍റെ സിനിമ ജീവിതം ആരംഭിച്ചത്. ഒരു നടനെന്ന നിലയിൽ മിസ്റ്റർ ഇന്ത്യയിലെ 'കലണ്ടർ', ദീവാന മസ്‌താനയിലെ 'പപ്പു പേജർ' എന്നീ വേഷങ്ങളിലൂടെ സതീഷ് ശ്രദ്ധിക്കപ്പെട്ടു.
കുന്ദൻ ഷായുടെ 1983 ലെ ക്ലാസിക് ജാനേ ഭി ദോ യാരോണിന് സംഭാഷണങ്ങൾ എഴുതിയിരുന്നത് സതീഷ് ആയിരുന്നു. സംഭാഷണ രചയിതാവ് എന്ന നിലയിൽ ശ്രദ്ധിക്കപ്പെടാന്‍ ഇത് കാരണമായി. മികച്ച ഹാസ്യ നടനുള്ള ഫിലിം ഫെയർ അവാർഡ് രണ്ട് തവണ സതീഷിനെ തേടിയെത്തിയിട്ടുണ്ട്.
1990 ൽ രാം ലഖനിലെ പ്രകടനത്തിനും 1997ല്‍ സാജൻ ചലെ സസുരാലിലെ അഭിനയത്തിനുമാണ് സതീഷിന് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചത്. 1993 ല്‍ ശ്രീദേവി എന്ന ചിത്രത്തിലൂടെ സതീഷ് സംവിധാന രംഗത്തേക്ക് കടന്നു. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്‌ത രൂപ് കി റാണി ചോറോൻ കാ രാജ ബോക്സോഫിസിൽ പരാജയപ്പെട്ടു.
1995 ല്‍ പുറത്തിറങ്ങിയ സതീഷിന്‍റെ പ്രേം എന്ന ചിത്രത്തിനും ബോക്‌സോഫിസില്‍ വേണ്ടത്ര വിജയിക്കാന്‍ സാധിച്ചില്ല. നാല് വര്‍ഷത്തിന് ശേഷമാണ് പിന്നീട് സതീഷ് സിനിമ സംവിധാനം ചെയ്യുന്നത്. ഹം ആപ്‌കെ ദിൽ മേ രേഹ്‌തേ ഹേ എന്ന ചിത്രം ബോക്‌സോഫിസില്‍ വന്‍ വിജയമായിരുന്നു.