ചെന്നൈ:തമിഴ് ചലച്ചിത്ര താരം അജിത് കുമാറിന്‍റെ പിതാവ് പി. സുബ്രഹ്മണ്യം അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30ഓടെ ചെന്നൈയിലെ ബീച്ച് റോഡിനടുത്തുള്ള അജിത്തിന്‍റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
വര്‍ഷങ്ങളായി ആരോഗ്യപരമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വളരെയധികം വഷളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണവാര്‍ത്ത സ്ഥിരീകരിച്ചതോടെ വസതിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ബസന്ത നഗറിലാണ് സംസ്‌കാരം നടക്കുക. നടന്‍ അജിത് കുമാര്‍ വിദേശത്തായതിനാല്‍ അജിത്തിന്‍റെ സഹോദരനായ അനൂപ് കുമാറായിരിക്കും പിതാവിന്‍റെ അന്ത്യകര്‍മങ്ങള്‍ നടത്തുക.
നടന്‍റെ സഹോദരങ്ങളുടെ കുറിപ്പ്: അജിത്തിന്‍റെ സഹോദരങ്ങളായ അനൂപ് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ പിതാവിന്‍റെ വിയോഗം വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പോസ്‌റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'ഞങ്ങളുടെ പിതാവ് പി. എസ് മണി (85) ഏറെ നാളായി അസുഖ ബാധിതനായതിനെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഇന്ന് പുലര്‍ച്ചെ അദ്ദേഹം ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്'.
'കഴിഞ്ഞ നാല് വര്‍ഷമായി സ്‌ട്രോക്ക് മൂലം കിടപ്പിലായ ഞങ്ങളുടെ പിതാവിനെ പരിചരിക്കുകയും ഞങ്ങളുടെ കുടുംബത്തോട് സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്‌ത എല്ലാ ഡോക്‌ടര്‍മാരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഞങ്ങളുടെ അച്ഛന്‍ ഏറെ നാള്‍ ജീവിച്ചു. ഏകദേശം 60 വര്‍ഷക്കാലത്തോളം എന്‍റെ അമ്മയോടൊപ്പവും ഞങ്ങളോടൊപ്പവും നല്ല ജീവിതം നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു'.
'അച്ഛന്‍റെ മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് ഞങ്ങള്‍ക്ക് മെസേജ് അയച്ചതും ഫോണ്‍ ചെയ്‌തതും. എല്ലാവരും അച്ഛന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്‌തു. നിലവിലെ അവസ്ഥയില്‍ ഫോണ്‍ കോളുകളോട് പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല എന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'.
'അച്ഛന്‍റെ വിയോഗം കുടുംബത്തെ മുഴുവന്‍ ബാധിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ മരണവാര്‍ത്ത അറിഞ്ഞ എല്ലാവരും തന്നെ ഞങ്ങളുടെ സാഹചര്യം മനസിക്കുമെന്നും അച്ഛന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'- അനൂപ് കുമാറും അനില്‍ കുമാറും കുറിപ്പ് പങ്കുവെച്ചു.
നടന്‍ അജിത് കുമാറിന്‍റെ പിതാവ് പി. സുബ്രഹ്മണ്യം അന്തരിച്ചു സിനിമ മേഖലയിലെ നിരവധി ആളുകളും ആരാധകരുമാണ് അജിത് കുമാറിന്‍റെ പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് എത്തുന്നത്. കൂടാതെ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി തുടങ്ങിയവരും നടന്‍റെ പിതാവിന്‍റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പി. സുബ്രഹ്മണ്യന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും അനുശോചനം അറിയിച്ചു.
അനുശോചനം അറിയിച്ച് എംകെ സ്‌റ്റാലിന്‍: 'നടന്‍ അജിത് കുമാറിന്‍റെ പിതാവിന്‍റെ മരണവാര്‍ത്ത ഏറെ ഹൃദയഭേതകമാണ്. അജിത് കുമാറിനും കുടുംബത്തിനും എന്‍റെ ഹൃദയഭേദമായ അനുശോചനം അറിയിക്കുന്നുവെന്ന്' തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, യുവജനക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്‌റ്റാലിനും അജിത് കുമാറിന്‍റെ പിതാവിന്‍റെ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു.
തമിഴ് ചലച്ചിത്ര മേഖലയിലെ മുന്‍ നിര താരങ്ങളിലൊരാളാണ് നടന്‍ അജിത് കുമാര്‍. യാതൊരു വിധ മുന്‍ പരിചയമോ ബന്ധമോ കൂടാതെയാണ് അദ്ദേഹം തമിഴ് സിനിമ മേഖലയിലേയ്‌ക്ക് കടന്നുവന്നത്. തുടര്‍ന്ന് അദ്ദേഹം നിരവധി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്‌തിരുന്നു.