ഓണക്കാലത്ത് ഗൃഹാതുരത്വത്തിന്‍റെ സുഗന്ധവും പേറി ഒരു ഗാനം എത്തിയിരിക്കുന്നു. 'അമ്പലപ്പൊയ്‌കയിൽ പോവാം അന്തിയാവട്ടെ' (Ambalapoykayil) എന്ന മനോഹര ഗാനമാണ് ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്നത്. ഈ ഓണത്തിന് റിലീസാവുന്ന ‘അച്ഛനൊരു വാഴവെച്ചു’ (Achanoru Vazha Vechu) എന്ന ചിത്രത്തിൻ്റെ പ്രമോ വീഡിയോ ആയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത് (Achanoru Vazha Vechu Promo Song).
‘മുടിപ്പൂക്കളും’, ‘പാതിരാമയക്കത്തിലും’, ‘ദൂരെയാണ് കേരളവും’ ഒക്കെ മലയാളിക്ക് സമ്മാനിച്ച ഓണക്കാലത്തിന്‍റെ ഏറ്റവും പുതിയ സംഭാവനയായി മാറിയിരിക്കുകയാണ് ‘അമ്പലപ്പൊയ്‌കയിൽ എന്ന ഗാനവും. റസീന റാസിയ (Raseena Razi) ആണ് ഈ ഗാനം സംവിധാനം ചെയ്‌തിരിക്കുന്നത്. മനു ഗോപാലിന്‍റെ (Manu Gopal) വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അശ്വിൻ ജി ആർ (Aswin G R) ആണ്. ദിജിൽ കെ ഗോപിയാണ് (Dijil K Gopi) ഗാനം ആലപിച്ചിരിക്കുന്നത്.
റിഷാദ് ആർ ഡി മീഡിയ ആണ് ഗാനരംഗം കാമറയിൽ പകർത്തിയിരിക്കുന്നത്. എഡിറ്റിങ് ഹൃഷികേശ് കൃഷ്‌ണകുമാറും നിർവഹിച്ചിരിക്കുന്നു. ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ മൂന്ന് ലക്ഷത്തിലേറെ ആളുകളാണ് ഈ ഗാനം യൂട്യൂബിൽ ആസ്വദിച്ചത്.
അതേസമയം നിരഞ്ജ് രാജു (Niranjan Raju), എ വി അനൂപ് (AV Anoop), ആത്മീയ (Athmeeya Rajan), ശാന്തി കൃഷ്‌ണ (Shanthi Krishna) എന്നിവർ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്ന 'അച്ഛനൊരു വാഴ വെച്ചു' ഓഗസ്റ്റ് 26 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നവാഗതനായ സാന്ദീപ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോർ എന്‍റർടെയ്‌ൻമെന്‍റ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുക.
എ.വി.എ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. എ വി അനൂപ് ആണ് 'അച്ഛനൊരു വാഴ വെച്ചു' നിർമിച്ചിരിക്കുന്നത്. എ.വി.എ പ്രൊഡക്ഷൻസിന്‍റെ 25-ാമത്തെ സിനിമ കൂടിയാണ് അച്ഛനൊരു വാഴ വെച്ചു. കളർഫുൾ എൻ്റർടെയ്നറായാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.