നിരഞ്ജ് രാജു, എ വി അനൂപ്, ആത്മീയ, ശാന്തി കൃഷ്‌ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു' (Achanoru Vazha Vechu). ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി. 'രാമനെന്നും പോരാളി, വീരനായ വില്ലാളി...' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
സിജു തുറവൂർ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബിജിപാൽ ആണ്. അൻവർ സാദത്ത്, രഞ്ജിത്ത് ജയറാം, നിഷാദ് കെ കെ എന്നിവർ ചേർന്നാണ് ആഘോഷത്തിമിർപ്പുമായി എത്തിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്. കലാലയവും ഫ്രഷേഴ്‌സ് ഡേയിലെ വിദ്യാർഥികളുടെ ആഘോഷവും എല്ലാം പശ്ചാത്തലമാക്കിയ ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്.
സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'അച്ഛനൊരു വാഴ വെച്ചു'. കളർഫുൾ എൻ്റർടെയ്‌നറായി അണിയിച്ചൊരുക്കിയ ചിത്രം ജനപ്രിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ എ.വി.എ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്‌ടർ എ വി അനൂപ് ആണ് നിർമിക്കുന്നത്. എ.വി.എ പ്രൊഡക്ഷൻസിന്‍റെ ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് 'അച്ഛനൊരു വാഴ വെച്ചു'. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ഓണം റിലീസായി 'അച്ഛനൊരു വാഴ വെച്ചു' ഉടൻ പ്രേക്ഷകർക്കരികില്‍ എത്തും.
മുകേഷ്, ജോണി ആന്‍റണി, ലെന, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, മീര നായർ, കുളപ്പുള്ളി ലീല, സോഹൻ സീനു ലാൽ, ഫുക്രു, അശ്വിൻ മാത്യു, ദീപ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മനു ഗോപാൽ ആണ് ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും എഴുതിരിക്കുന്നത്.