മണിരത്നത്തിന്റെ ഐതിഹാസിക ചിത്രമായ പൊന്നിയിൻ സെൽവൻ 2 തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ആദ്യ ഭാഗത്തിനെക്കാൾ മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെന്നിന്ത്യയിലെ പല കലക്ഷൻ റെക്കോഡുകളും ചിത്രം മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്‌മി, ശോഭിത ധൂലിപാല എന്നിവർക്കൊപ്പം ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ്‌യും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഐശ്വര്യ റായിയെ അഭിനന്ദിച്ച് കൊണ്ട് ഭർത്താവ് അഭിഷേക് ബച്ചൻ പോസ്റ്റ് ചെയ്‌ത ട്വീറ്റിൽ ആരാധകൻ നൽകിയ കമന്‍റിന് അഭിഷേക് നൽകിയ രസകരമായ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
'പൊന്നിയിൻ സെൽവൻ 2 ഫന്‍റാസ്റ്റിക് ആണ്. ചിത്രത്തെ വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. മണിരത്‌നം, ചിയാൻ വിക്രം, തൃഷ കൃഷ്‌ണന്‍, ജയം രവി, കാർത്തി മറ്റ് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ചിത്രത്തിന്‍റെ മുഴുവൻ ടീമിനും ആശംസകൾ. എന്‍റെ ശ്രീമതിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനത്തിൽ അഭിമാനിക്കുന്നു', അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്‌തു.
ഇതിനിടെയാണ് ഒരു ആരാധകൻ രസകരമായ കമന്‍റുമായി അഭിഷേകിന്‍റെ പോസ്റ്റിന് താഴെയെത്തിയത്. 'ഇനി അവർ കൂടുതൽ ചിത്രങ്ങളിൽ ഒപ്പിടട്ടേ, നിങ്ങൾ ആരാധ്യയെ ശ്രദ്ധിക്കൂ എന്നായിരുന്നു കമന്‍റ്'. ഇതിന് മറുപടിയായി 'അവൾ ഒപ്പിടട്ടെ? അവൾക്ക് ഒന്നും ചെയ്യാൻ എന്‍റെ അനുവാദം ആവശ്യമില്ല, പ്രത്യേകിച്ച് അവൾ ഇഷ്‌ടപ്പെടുന്ന കാര്യങ്ങൾ', എന്നായിരുന്നു അഭിഷേക് ബച്ചൻ മറുപടി നൽകിയത്.