അസാധാരണമായ ഒരു കഥയിലൂടെ പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റിയ ചിത്രമാണ് '1001 നുണകൾ' (ആയിരത്തൊന്ന് നുണകൾ). സലിം അഹമ്മദ് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്‌തത് താമർ കെ വി ആണ്. താമറും ഹാഷിം സുലൈമാനും ചേർന്നാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകർക്കരികില്‍ എത്തുക. ഓഗസ്റ്റ് 18 മുതല്‍ ചിത്രം സ്‌ട്രീമിങ് ആരംഭിക്കും.
ഫ്ലാറ്റിലുണ്ടാകുന്ന തീപിടിത്തത്തിന് ശേഷം പോകാനിടമില്ലാതായ ദമ്പതികൾ തങ്ങളുടെ സുഹൃത്തായ വിനയ്‌യുടെ വീട്ടിൽ അഭയം തേടുന്നതും തുടർന്നുണ്ടാകുന്ന സംഭവബഹുലമായ കഥയുമാണ് ചിത്രം പറയുന്നത്. വിനയ്‌ക്കും മറ്റു സുഹൃത്തുക്കള്‍ക്കും ഒപ്പം തങ്ങളുടെ പത്താം വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികൾ ഒരു അസാധാരണ ഗെയിം കളിക്കുകയും ഇതിലൂടെ ജീവിതത്തിലെ പറയാത്ത രഹസ്യങ്ങളും നുണകളും അവരുടെ ബന്ധത്തെ ശിഥിലമാക്കുന്നതുമെല്ലാമാണ് ചിത്രം വരച്ചുകാട്ടുന്നത്.
പരസ്‌പരം അറിയാത്ത രഹസ്യങ്ങളാൽ പരീക്ഷിക്കപ്പെടുന്ന സൗഹൃദങ്ങളുടെ കഥയായിരിക്കും '1001 നുണകൾ' എന്ന് സംവിധായകൻ താമർ കെ വി നേരത്തെ വ്യക്തമാക്കിയിരുന്നു. കാണുന്നതെല്ലാം സത്യമായിരിക്കണമെന്നില്ലെന്നും അടഞ്ഞ വാതിലുകൾക്കപ്പുറത്ത് നമുക്ക് കാണാൻ കഴിയാത്ത പലതും സംഭവിക്കുന്നുണ്ടെന്നും ഈ സിനിമ ഓർമപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. വീണ്ടും വീണ്ടും കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളും വേദനപ്പെടുത്തുന്ന സംഭവങ്ങളും ട്വിസ്റ്റുകളുമെല്ലാം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സോണി ലിവിലൂടെ വലിയൊരു വിഭാഗം പ്രേക്ഷകരുടെ മുന്നിലേക്ക് ഈ സിനിമയെത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സംവിധായകൻ പറയുന്നു.