മുംബൈ : ആമിര്‍ ഖാനൊപ്പമുളള ഈദ് ചിത്രം പങ്കിട്ട് സല്‍മാന്‍ ഖാന്‍. ഈദിന് തലേദിവസം പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചത്. ചാന്ദ് മുബാറക് എന്ന അടിക്കുറിപ്പോടെയാണ് സല്‍മാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്‌തത്.
ബോളിവുഡ് സൂപ്പര്‍ താരങ്ങളെ ഒന്നിച്ചുകണ്ട സന്തോഷത്തിലാണ് ആരാധകരും. കറുത്ത ജീന്‍സിനൊപ്പം കറുത്ത മാച്ചിങ് ഷര്‍ട്ട് ധരിച്ച് സല്‍മാന്‍ ഖാനും കാഷ്വല്‍ ബ്ലൂ ടീ ഷര്‍ട്ട് ധരിച്ച് ആമിര്‍ ഖാനും പ്രത്യക്ഷപ്പെട്ട ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്‍റുകളുമായി എത്തിയത്. ആരാധകരുടെ ചുവന്ന ഹൃദയ ഇമോജികളും ഫയര്‍ ഇമോട്ടിക്കോണുകളും കൊണ്ട് കമന്‍റ് ബോക്‌സ് നിറഞ്ഞു. 'നിങ്ങളാണ് ചാന്ദ്' (ചന്ദ്രന്‍) എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. 'ഒറ്റ ഫ്രെയിമില്‍ രണ്ട് ഇതിഹാസങ്ങള്‍' എന്ന് മറ്റൊരു ആരാധകന്‍ എഴുതി. 'വൂ.....സല്‍മാന്‍ സര്‍, നിങ്ങളും ആമിര്‍ സാറും സുന്ദരന്‍മാരാണ്, മാഷാ അല്ലാഹ്' -ഇങ്ങനെയാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്.
ഇതിനിടെ ചില ആരാധകര്‍ ആവശ്യപ്പെട്ടത് 'അന്ദാസ് അപ്‌ന അപ്‌ന' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്. ആമിറും സല്‍മാനും ഒന്നിച്ചെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 'അന്ദാസ് അപ്‌ന അപ്‌ന'. 'അന്ദാസ് അപ്‌ന അപ്‌ന 2 സ്ഥിരീകരിച്ചു ??' -ഒരു ആരാധകന്‍ സംശയം പങ്കുവച്ചുകൊണ്ട് കുറിച്ചു. 'ഞങ്ങൾക്ക് അന്ദാസ് അപ്‌ന അപ്‌ന 2 വേണം' - മറ്റൊരാള്‍ ആവശ്യപ്പെട്ടു. 'അമര്‍-പ്രേം വീണ്ടും ഒന്നിക്കുന്നു' -മറ്റൊരാള്‍ കുറിച്ചത് ഇങ്ങനെയാണ്. 'ആമിര്‍ ഖാനും സല്‍മാന്‍ ഖാനും അന്ദാസ് അപ്‌ന അപ്‌ന സ്ഥിരീകരിച്ചതായി തോന്നുന്നു' -എന്ന് വേറൊരു ആരാധകന്‍ കമന്‍റ് ചെയ്‌തു.