ഭോപ്പാല്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായി ബോളിവുഡ് സൂപ്പര്‍സ്‌റ്റാര്‍ ആമിര്‍ ഖാന്‍റെയും യുവതാരം കാര്‍ത്തിക് ആര്യന്‍റെയും നൃത്തരംഗങ്ങള്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും താരങ്ങള്‍ വിവാഹ സത്‌കാരം ആഘോഷിക്കുന്നതിനിടെയായിരുന്നു നൃത്തം ചെയ്‌തത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആമിര്‍ ഖാനെയും കാര്‍ത്തിക് ആര്യനെയും ഉള്‍പെടുത്തി ഒരു സിനിമ ചിത്രീകരിക്കണമെന്ന ആരാധകരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന 'ഗുണ്ടെയ്' എന്ന ചിത്രത്തിലെ പ്രശസ്‌ത ഗാനമായ 'തൂനെ മാരി എന്‍ട്രിയാന്‍' എന്ന ഗാനത്തിനായിരുന്നു താരങ്ങള്‍ ചുവടുവച്ചത്. താരങ്ങളുടെ സാന്നിധ്യത്താല്‍ ചടങ്ങുകള്‍ അലങ്കൃതമായിരുന്നുവെന്ന് ആരാധകര്‍ പറഞ്ഞു. നൃത്തചുവടുകള്‍ക്കൊപ്പം ഗാനമാലപിച്ചും ആമിര്‍ ഖാന്‍ അതിഥികള്‍ക്ക് സന്തോഷം പകര്‍ന്നു.
1990ല്‍ റിലീസായ രാജ ഹിന്ദുസ്ഥാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ 'ആയെ ഹോ മേരി സിന്‍ധഗി' എന്ന ഗാനമായിരുന്നു ആമിര്‍ ആലപിച്ചത്. കറുത്ത ജുബയിലും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹെയര്‍സ്‌റ്റൈലിലും കൂളിങ് ഗ്ലാസിലുമായിരുന്നു ആമിര്‍ ഖാന്‍ തിളങ്ങിയത്. അതേസമയം, കറുത്ത നിറമുള്ള കോട്ടിലും സ്യൂട്ടിലും കാര്‍ത്തിക്ക് ആര്യനും ശ്രദ്ധയാകര്‍ഷിച്ചു.
നേരത്തെ ഗായകന്‍ ജാസ്‌ബിര്‍ ജാസിയോടൊപ്പമുള്ള ആമിര്‍ ഖാന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്‍റെ ഗാനം ആമിര്‍ ഖാന്‍ ആസ്വദിക്കുന്നതും പ്രശംസിക്കുന്നതുമായ വീഡിയോ ജാസ്‌ബിര്‍ ജാസി പങ്കുവച്ചിരുന്നു. കൂടാതെ കോൺഗ്രസിന്‍റെ സച്ചിൻ പൈലറ്റ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കിരൺ റാവു എന്നിവരോടൊപ്പം മറ്റൊരു പരിപാടിയിലും ഖാന്‍ പങ്കെടുത്തിരുന്നതും ശ്രദ്ധേയമാണ്.
ഒന്നര വര്‍ഷമായി അഭിനയ ജീവിതത്തില്‍ നിന്നും ആമിര്‍ ഖാന്‍ വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ താന്‍ 'ചാമ്പ്യന്‍' എന്ന സിനിമ ചെയ്യാനിരിക്കുന്നതായി കഴിഞ്ഞ വര്‍ഷം ആമിര്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ അദ്ദേഹം അഭിനയിക്കുകയല്ല, ചിത്രത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നാണ് വിവരം.