മലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് 'ആടുജീവിതം'. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ വരവിനായി ചലച്ചിത്രലോകം കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോഴിതാ 'ആടുജീവിത'ത്തിന്‍റെ വമ്പൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് (Prithviraj Sukumaran - Blessy Movie Aadujeevitham/The Goat Life).
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസുമായി ബന്ധപ്പെട്ടാണ് അണിയറ പ്രവർത്തകരുടെ അറിയിപ്പ്. ബെന്യാമിന്‍റെ അവാർഡ് വിന്നിംഗ് നോവലായ 'ആടുജീവിത'ത്തിന് ബ്ലെസി ഒരുക്കുന്ന ചലച്ചിത്ര ഭാഷ്യത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകീട്ട് 5 മണിക്ക് പുറത്തുവരും. തെലുഗു സൂപ്പർ സ്റ്റാർ പ്രഭാസിന്‍റെ ഒഫിഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുക (Aadujeevitham/The Goat Life first look poster release).
മലയാളികൾക്ക് ഏറെ പരിചിതമായ ഒരു അതിജീവന കഥ, ബിഗ് സ്‌ക്രീനില്‍ കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ കുറച്ചൊന്നുമല്ല. ബ്ലെസി എന്ന ചലച്ചിത്രകാരന്‍റെയും പൃഥ്വിരാജ് എന്ന നടന്‍റെയും വര്‍ഷങ്ങളുടെ കഠിനാധ്വാനം കൂടിയാണ് ഈ സിനിമ. ഏപ്രിൽ 10നാണ് നിലവിൽ ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയാണ് 'ആടുജീവിതം'.
ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ ഈ സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്കെത്തും. ജോര്‍ദാൻ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. 2023 ജൂലൈ 14നാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.