പ്രശസ്‌ത സാഹിത്യകാരന്‍ ബെന്യാമിന്‍റെ വിഖ്യാത കൃതി 'ആടുജീവിത'ത്തെ ആസ്‌പദമാക്കി അതേ പേരില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ് ആരാധകര്‍. 'ആടുജീവിത'ത്തിന്‍റെ റിലീസ് തീയതിയെ കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. നാളെ (നവംബര്‍ 30) വൈകുന്നേരം നാല് മണിക്ക് 'ആടുജീവിത'ത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിക്കും (Aadujeevitham Release update). ഇക്കാര്യം പൃഥ്വിരാജാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
'ആടുജീവിതം' യാത്രയെ കുറിച്ചുള്ള ചെറിയൊരു വീഡിയോയും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തെ കുറിച്ചുള്ളതാണ് ലഘു വീഡിയോ. 2018 മാര്‍ച്ചില്‍ കേരളത്തില്‍ വച്ചാണ് 'ആടുജീവിതം' ചിത്രീകരണം ആരംഭിച്ചത്. 2019ല്‍ ജോര്‍ദാനില്‍ എത്തിയ 'ആടുജീവിതം' ടീം 2020 മാര്‍ച്ച് വരെ അവിടെ ഷൂട്ടിങ് തുടര്‍ന്നു.
ഇതിനിടെ കൊവിഡ് മഹാമാരിയില്‍ ടീം ജോര്‍ദാനില്‍ കുടുങ്ങിയിരുന്നു. പിന്നീട് 2022 ഏപ്രിലില്‍ അള്‍ജീരിയയില്‍. ശേഷം മെയ് മാസം വീണ്ടും ജോര്‍ദാനില്‍ ചിത്രീകരണം തുടര്‍ന്നു. തുടര്‍ന്ന് 2022 ജൂലൈയില്‍ 'ആടുജീവിതം' ചിത്രീകരണം പൂര്‍ത്തിയാക്കി.
Also Read:മുഖം നിറയെ അഴുക്കും ജഡ കയറിയ മുടിയുമായി പൃഥ്വിരാജ്; ആടുജീവിതം ആദ്യ പോസ്‌റ്റര്‍ പുറത്ത്
ചിത്രീകരണം തുടങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ആടുജീവിതം' റിലീസിനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ ആരാധകരുടെ കാത്തിരിപ്പിന് തെല്ലും അറുതിയില്ല. ഒരു പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. പൃഥ്വിരാജിനെ കൂടാതെ അമല പോള്‍, ശോഭ മോഹന്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കൂടാതെ നിരവധി വിദേശ കലാകാരന്‍മാരും ചിത്രത്തിലുണ്ട്.
അടുത്തിടെ 'ആടുജീവിത'ത്തിന്‍റെ ഔദ്യോഗിക പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു (Aadujeevitham First Poster). പൃഥ്വിരാജ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്‌റ്റര്‍ പങ്കുവച്ചത് (Prithviraj shared Aadujeevitham Poster). 'എല്ലാ ശ്വാസവും ഒരു യുദ്ധമാണ്' എന്ന ടാഗ്‌ലൈനോടുകൂടിയാണ് പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. മുഖം നിറയെ അഴുക്കും, ജഡ കയറിയ മുടിയുമായി ആടുകളുടെ നടുവില്‍ നില്‍ക്കുന്ന പൃഥ്വിരാജ് ആയിരുന്നു പോസ്‌റ്ററില്‍ (Prithviraj in Aadujeevitham Poster).
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക. നജീബിനായുള്ള പൃഥ്വിരാജിന്‍റെ കഠിനാധ്വാനം ശ്രദ്ധ നേടിയിരുന്നു. കരിയറില്‍ ഇതാദ്യമായാകും ഒരു കഥാപാത്രത്തിനായി പൃഥ്വിരാജ് ഇത്തരത്തിലുള്ള ഒരു രൂപമാറ്റത്തിലേക്ക് എത്തുന്നത്.
'ആടുജീവിത'ത്തിനായി 30 കിലോയോളം ശരീരഭാരമാണ് പൃഥ്വിരാജ് കുറച്ചത്. ഇക്കാര്യം താരം തന്നെയാണ് മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയത്. 98 കിലോയില്‍ നിന്നും 67 കിലോ ആയാണ് കുറച്ചത്. എന്നാല്‍ ഇത്തരമൊരു സാഹസം ചെയ്യാന്‍ താന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും പൃഥ്വിരാജ് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അത് അപകടകരമാണ് എന്നായിരുന്നു പൃഥ്വിരാജിന്‍റെ അഭിപ്രായം. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് താന്‍ അധികം അപകടമൊന്നും ഇല്ലാതെ നിലനിന്നതെന്നും താരം പറഞ്ഞിരുന്നു.
Also Read:ജടപിടിച്ച മുടി, മെലിഞ്ഞുണങ്ങി അസ്ഥിപരുവമായ രൂപം ; ഇത് പൃഥ്വിരാജ് തന്നെയോയെന്ന് ആരാധകര്‍
സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ ആണ് 'ആടുജീവിത'ത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. കെഎസ് സുനില്‍ ഛായാഗ്രഹണവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിച്ചു. രഞ്‌ജിത്ത് അമ്പാടി ആണ് മേക്കപ്പ്. മാജിക് ഫ്രെയിംസാണ് ചിത്രം വിതരണത്തിനെത്തിക്കുക.