68th National Film Awards: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സച്ചിയാണ് മികച്ച സംവിധായകന്‍.
അജയ് ദേവ്‌ഗണും സൂര്യയുമാണ് മികച്ച നടന്‍മാര്‍. അപര്‍ണ ബാലമുരളിയാണ് മികച്ച നടി. 'സൂരരൈ പോട്ര്' എന്ന സിനിമയിലെ മികവുറ്റ പ്രകടനത്തിനാണ് മികച്ച നടനായി സൂര്യയും നടിയായി അപര്‍ണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടത്. 'തന്‍ഹാജി' എന്ന സിനിമയിലെ പ്രകടനമാണ് അജയ് ദേവ്‌ഗണിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മികച്ച മലയാള സിനിമയ്‌ക്കുള്ള പുരസ്‌കാരം തിങ്കളാഴ്‌ച നിശ്ചയത്തിന് ലഭിച്ചു. മികച്ച സംഘട്ടന സംവിധാനത്തിന് അയ്യപ്പനും കോശിയും നേടി. നഞ്ചിയമ്മ ആണ് മികച്ച പിന്നണി ഗായിക. മികച്ച സംഗീത സംവിധാകനുള്ള പുരസ്‌കാരം ജി.വി പ്രകാശ് കുമാര്‍ (സൂരരൈ പോട്രു) നേടി. മലയാള സിനിമ വാങ്കിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.
മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്‌കാരം 'മാലിക്' എന്ന ചിത്രത്തിലൂടെ വിഷ്‌ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍ നേടി. അനീസ് നാടോടിക്കാണ് (കപ്പേള) മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരം ലഭിച്ചത്. ഡ്രീമിംഗ് ഓഫ് വേര്‍ഡ്‌സ് (നന്ദന്‍) ആണ് മികച്ച വിദ്യാഭ്യാസ ചിത്രം.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രഹണം (നോന്‍ ഫീച്ചര്‍)- നിഖില്‍ എസ് പ്രവീണ്‍ (ശബ്‌ദിക്കുന്ന കലപ്പ). അനൂപ് രാമകൃഷ്‌ണന്‍ എഴുതിയ 'എംടി: അനുഭവങ്ങളുടെ പുസ്‌തകം' ആണ് മികച്ച സിനിമാ പുസ്‌തകം. മികച്ച വിവരണത്തിനുള്ള പുരസ്‌കാരം ശോഭ തരൂര്‍ ശ്രീനിവാസന് ലഭിച്ചു. മധ്യപ്രദേശ് ആണ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം ലഭിച്ചു.
വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്. 2020ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.