മുംബൈ:മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫികൾ (സെൽഫ് പോർട്രെയ്‌റ്റ് ഫോട്ടോഗ്രാഫുകൾ) എടുത്ത് ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചിരിക്കുകയാണ് ബോളീവുഡ് നടൻ അക്ഷയ് കുമാർ. തൻ്റെ വരാനിരിക്കുന്ന ചിത്രമായ 'സെൽഫി'യുടെ പ്രമോഷനിൽ ആരാധകരുമായി മുംബൈയിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ താരം മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫിയാണ് എടുത്തത്. നടൻ്റെ ചിത്രം 'സെൽഫി' ഫെബ്രുവരി 24ന് റിലീസിന് തയ്യാറെടുക്കുകയാണ്. 2018 ജനുവരി 22ന് കാർണിവൽ ഡ്രീം ക്രൂയിസ് കപ്പലിൽ ജെയിംസ് സ്മിത്തിൻ്റെ (യുഎസ്എ) മൂന്ന് മിനിറ്റിനുള്ളിൽ 168 സെൽഫികൾ എന്ന ലോക റെക്കോർഡാണ് ബോളിവുഡ് താരം തകർത്തത്.
നേരത്തെ 2015ൽ ലണ്ടനിൽ സാൻ ആൻഡ്രിയാസിൻ്റെ പ്രീമിയറിൽ മൂന്ന് മിനിറ്റിനുള്ളിൽ 105 സെൽഫികളുമായി ഗ്‌ളോബൽ ഐക്കണും ഹോളിവുഡ് നടനുമായ ഡ്വെയ്ൻ ജോൺസൺ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. തൻ്റെ ആരാധകരോട് സംസാരിക്കുമ്പോൾ അക്കി(അക്ഷയ് കുമാർ) വളരെ ആവേശഭരിതനായിരുന്നു. ഇത് എല്ലായ്പ്പോഴും അദ്ദേഹത്തെ നിരുപാധികം പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്‌ത ആരാധകരോടുള്ള അദ്ദേഹത്തിൻ്റെ പ്രത്യേക ആദരവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.