നാഗല്‍ രചിച്ച 'സമയമാംരഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു...' കണ്ണൂര്‍: 'സമയമാംരഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു' എന്ന ഗാനം പിറവിയെടുത്തിട്ട് 124 വര്‍ഷം തികയുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഈ ഗാനം രചിച്ചത് മലയാളി അല്ല എന്നതാണ് കൗതുകം. മലയാളത്തെ മാതൃഭാഷയ്‌ക്ക് തുല്യം സ്‌നേഹിച്ച ജര്‍മ്മൻ സ്വദേശി ബാസല്‍ മിഷന്‍ മിഷനറി, വോള്‍ ബ്രീറ്റ് നാഗല്‍ ആണ് ഈ ഗാനം രചിച്ചത്.
മലയാളം അറിയാത്ത നാഗല്‍ :1899ലാണ് അദ്ദേഹം ഈ ഗാനം രചിച്ചത്. മധുരമായ ഈണത്തില്‍ ഇങ്ങനെയൊരു ഗാനം രചിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് ഇന്നും അത്ഭുതമായി അവശേഷിക്കുന്നു. പ്രേഷിത ദൗത്യം ലക്ഷ്യമാക്കിയാണ് നാഗല്‍ ജര്‍മ്മനിയില്‍ നിന്നും കേരളത്തിലെത്തിയത്. പിന്നീട് സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ആതുരസേവകന്‍, മനുഷ്യസ്‌നേഹി എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു. കൂടാതെ 77 ക്രിസ്‌തീയ ഗാനങ്ങള്‍ മലയാളത്തില്‍ രചിച്ച ഗാനരചയിതാവ് കൂടിയായിരുന്നു അദ്ദേഹം.
ഇംഗ്ലീഷ് പാട്ടിന്‍റെ കോപ്പി :'ഓ മൈ ഡാര്‍ലിങ്, ഓ മൈ ഡാര്‍ലിങ്' എന്ന ഇംഗ്ലീഷ് പ്രണയഗാനത്തിന്‍റെ അതേ ഈണത്തിലാണ് 'സമയാമാം രഥത്തില്‍ ഞാന്‍' എന്ന ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ ക്രിസ്‌തീയഗാനം മലയാളത്തിന് പുറമേ 21 ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടുവെന്നത് അതിശയകരമായി അവശേഷിക്കുന്നു.
വയലാര്‍ പാട്ട് മോഷ്ടിച്ചു:മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗാനരചയിതാവ് വയലാര്‍ രാമവര്‍മ്മ ഒരു വരിയില്‍ മാത്രം മാറ്റം വരുത്തിയാണ് 'അരനാഴികനേരം' എന്ന ചലച്ചിത്രത്തിലെ ഗാനമാക്കി അവതരിപ്പിച്ചത്. അതോടെയാണ് ക്രൃസ്‌ത്യന്‍ പള്ളികളില്‍ മാത്രം ആലപിച്ചിരുന്ന ഈ ഗാനം പ്രശസ്‌തിയുടെ പടവുകള്‍ കയറിയത്. 'അരനാഴികനേര'ത്തില്‍ വയോധികനായ കുഞ്ഞോനച്ചന്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ ദീനാമ്മ എന്ന കഥാപാത്രം പാടിയിരുന്ന ഗാനമാണിത്. 'ബദ്ധപ്പെട്ടോടീടുന്ന' എന്ന് നാഗല്‍ അവസാനിപ്പിച്ച വരിയില്‍ 'തനിയെ ഓടുന്നു'വെന്ന് വയലാര്‍ രാമവര്‍മ്മ മാറ്റം വരുത്തുകയായിരുന്നു. ഈ ഗാനം എന്‍റെ മനസിൽ നിറഞ്ഞു നില്‍ക്കുന്നുവെന്ന് അക്കാലത്ത് വയലാര്‍ പറയുകയുണ്ടായി.
പാട്ടിനുപിന്നിലെ സംഭവ കഥ :തലശ്ശേരി നഗരവീഥികളിലൂടെ ജഡ്ക്ക വണ്ടിയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ നാഗലിന് തോന്നിയ ആശയമായിരുന്നു ഈ ഗാനത്തിന്‍റെ പിറവിയിലേക്ക് നയിച്ചത്. ജഡ്ക്ക നീങ്ങിക്കൊണ്ടിരിക്കുന്നതിന് സമാനമായി സമയവും ആരേയും കാത്തിരിക്കാതെ നീങ്ങുകയാണെന്ന സത്യമാണ് ഈ ഗാനത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. നിത്യമായ വാസസ്ഥാനം പദുദീസയാണെന്നും പാരിടവാസം അതിനായുള്ള പരിശീലനകാലം മാത്രമാണെന്നും സ്വസ്ഥചിത്തനായി നാഗല്‍ തിരിച്ചറിഞ്ഞു. അറിഞ്ഞതെല്ലാം അദ്ദേഹം കുറിച്ചു വെച്ചു. തീവ്ര അനുഭൂതിയുടേയും ആശയ പ്രൗഢിയുടേയും ദാര്‍ശനിക തെളിമയുടേയും അനുപമതകൊണ്ടും ഗാനം പെട്ടെന്ന് ശ്രദ്ധേയമായി. മിഷിനറി പ്രവര്‍ത്തനത്തിനായി കേരളത്തിലെത്തിയതെങ്കിലും ഭാഷയുടേയും സാഹിത്യത്തിന്‍റെയും വീഥിയിലൂടെയാണ് നാഗല്‍ സഞ്ചരിച്ചത്. ജര്‍മ്മന്‍ സ്വദേശികളായ ബ്രണ്ണന്‍ വിദ്യാഭ്യാസ മേഖലയിലും ഗുണ്ടര്‍ട്ട് മലയാള സാഹിത്യത്തിലും മുഴുകിയപ്പോള്‍ പദ്യ സാഹിത്യ രംഗത്ത് സംഭാവനകള്‍ നല്‍കുകയായിരുന്നു വോള്‍ ബ്രീറ്റ് നാഗല്‍.
നാഗലും തലശ്ശേരിയും :തലശ്ശേരി ഇല്ലിക്കുന്നിലാണ് ഇദ്ദേഹം താമസിച്ചത്. പിന്നീട് കുന്നംകുളത്തേക്ക് നാഗല്‍ മാറി. 1893ലാണ് അദ്ദേഹം മലബാറിലെത്തുന്നത്. തുടർന്ന് ഹെബിക് സായിപ്പിനൊപ്പം ജോലി ചെയ്‌തു. 1914 ല്‍ കുന്നംകുളത്തു നിന്നും ജര്‍മ്മനിയിലേക്ക് തിരിച്ചു പോയ അദ്ദേഹം 1921 മെയ് 21 ന് ജര്‍മ്മനിയില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞു. നാഗല്‍ വിടവാങ്ങിയെങ്കിലും അദ്ദേഹം രചിച്ച 'സമയാംരഥം' എന്ന ഗാനം ഇന്നും ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു.
READ ALSO:Thalassery Fort: ഈ കോട്ടയുടെ കഥയാണ് തലശേരിയുടെ ചരിത്രം, കച്ചവടത്തിന് വന്നവർ നാട് ഭരിച്ച കഥ