കേരളം

kerala

ETV Bharat / entertainment

ബാനര്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതം : മരിച്ച യുവാക്കളുടെ കുടുംബങ്ങളെ സന്ദർശിച്ച് യഷ്

3 yash fans died in Electrocution : കന്നഡ താരം യഷിന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ബാനർ കെട്ടാൻ കയറിയതിനിടെ ഷോക്കേറ്റ് മരിച്ച യുവാക്കളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് താരം.

3 yash fans died  electrocution fans died  യാഷ് ആരാധകരുടെ മരണം  ഷോക്കേറ്റ് ആരാധകരുടെ മരണം
yash visit

By ETV Bharat Kerala Team

Published : Jan 9, 2024, 1:06 PM IST

ഗദഗ് :കർണാടകയിൽ ബാനർ കെട്ടാന്‍ കയറി വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ വീട് സന്ദര്‍ശിച്ച് കന്നഡ സൂപ്പർ താരം യഷ് (Yash Banner Electrocution Deaths). മരിച്ചവരുടെ കുടുംബാംഗങ്ങളോട് താരം സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്‌തു. ജില്ലയിലെ സുരിനേജ് ഗ്രാമത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ഷോക്കേറ്റ് മരിച്ച മുരളിയെന്ന ആരാധകന്‍റെ വീട്ടിലാണ് യഷ് ആദ്യം എത്തിയത്.

അനുശോചനം അറിയിക്കുന്നതിനായി ഗോവയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഹുബ്ലിയിൽ എത്തിയ ശേഷം അവിടെ നിന്ന് കാറിൽ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലെത്തുകയായിരുന്നു. താരം എത്തിയതിനെ തുടർന്ന് ജനം തടിച്ചുകൂടിയെങ്കിലും അതൊന്നും വകവയ്ക്കാ‌തെ മരിച്ച യുവാക്കളുടെ വീടുകളിലെത്തി ദുഖിതരായ മാതാപിതാക്കളെ നടന്‍ ആശ്വസിപ്പിച്ചു.

യഷിന്‍റെ സന്ദർശനത്തെ തുടർന്ന് ആളുകൾ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തിരക്ക് നിയന്ത്രിക്കാൻ സജ്ജമായിരുന്നു. എസ്‌പിയും ഡിവൈഎസ്‌പിയും അഞ്ച് സിപിഒമാരും ഉൾപ്പടെ നൂറിലധികം പൊലീസുകാരായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.

സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച താരം, കൊവിഡ് കാരണം ജന്മദിനം ആഘോഷിക്കേണ്ടെന്ന് തീരുമാനിച്ചതായി അറിയിച്ചു. കൂടാതെ തന്‍റെ ആരാധകരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമുള്ളതെന്തും ചെയ്യുമെന്നും താരം പറഞ്ഞു. എന്ത് നഷ്‌ടപരിഹാരം നൽകിയാലും അവരുടെ മക്കൾ തിരികെ വരില്ല. വലിയ വേദനയാണുണ്ടായിരിക്കുന്നത്. എന്നാല്‍ അവരുടെ മാതാപിതാക്കൾക്കായി ഞാൻ ഇവിടെയുണ്ട്. അവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും യഷ് പറഞ്ഞു.

ആരാധകര്‍ സന്തോഷത്തോടെയിരിക്കണം. തങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കരുത്. ഇങ്ങനെ അഭിനന്ദിക്കപ്പെടാൻ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. ഞാൻ ഇങ്ങോട്ട് വരുമ്പോഴും ബൈക്കിൽ ആളുകള്‍ പിന്തുടരുന്നുണ്ടായിരുന്നു. എന്നാല്‍ പരിധിവിട്ടുള്ള ആരാധന വേണ്ടെന്നും താരം കൂട്ടിച്ചേർത്തു.

വൈദ്യുതാഘാതമേറ്റ് ഗദഗ് ജിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരാധകരായ മഞ്ജുനാഥിനെയും ഹനുമന്തപ്പയെയും യഷ് സന്ദർശിച്ചു. ഇവരുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ച അദ്ദേഹം ചികിത്സയിലുള്ള യുവാക്കളുടെ മാതാപിതാക്കൾക്ക് ധൈര്യം പകരുകയും ചെയ്‌തു.

Also Read:വൈദ്യുതാഘാതമേറ്റ് മൂന്നുപേർക്ക് ദാരുണാന്ത്യം ; അപകടം നടൻ യഷിന്‍റെ ജന്മദിനാഘോഷത്തിനിടെ

ഞായറാഴ്‌ച രാത്രിയാണ് സംഭവം ഉണ്ടായത്. യഷിന്‍റെ 38-ാം ജന്മദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി നടന്‍റെ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കുന്നതിനിടയിലാണ് ദാരുണ സംഭവം.

ABOUT THE AUTHOR

...view details