ലോസ് ഏഞ്ചലസ്: ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിനിടെ അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തില്‍ നടന്‍ വില്‍ സ്‌മിത്ത് അക്കാദമി ഓഫ് മോഷന്‍ പിക്‌ച്ചര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സസില്‍ നിന്ന് രാജിവച്ചു. അക്കാദമിയില്‍ നിന്ന് രാജിവച്ച വിവരം വില്‍ സ്‌മിത്ത് പ്രസ്‌താവനയിലൂടെയാണ് അറിയിച്ചത്. 'അക്കാദമി ഓഫ് മോഷന്‍ പിക്‌ച്ചര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സസിലെ അംഗത്വത്തിൽ നിന്ന് ഞാൻ രാജിവയ്ക്കുകയാണ്, ബോർഡ് ഉചിതമെന്ന് കരുതുന്ന ഏത് ശിക്ഷാവിധിയും സ്വീകരിയ്ക്കും,' വില്‍ സ്‌മിത്ത് പ്രസ്‌താവനയില്‍ വ്യക്തമാക്കി.
വില്‍ സ്‌മിത്തിന്‍റെ രാജി സ്വീകരിച്ചതായി അക്കാദമി പ്രസിഡന്‍റ് ഡേവിഡ് റുബ്ലിന്‍ അറിയിച്ചു. നടനെതിരെ അച്ചടക്ക നടപടിയിമായി മുന്നോട്ട് പോകുമെന്നും അക്കാദമി വ്യക്തമാക്കി. '94-ാമത് അക്കാദമി പുരസ്‌കാര ചടങ്ങിനിടെ എന്‍റെ ഭാഗത്ത് നിന്നുണ്ടായ പ്രവൃത്തി ഞെട്ടിപ്പിയ്ക്കുന്നതും വേദനാജനകവും ക്ഷമിയ്ക്കാനാകാത്തതുമായിരുന്നു.
ക്രിസ്, അദ്ദേഹത്തിന്‍റെ കുടുംബം, എന്‍റെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും, ചടങ്ങില്‍ സന്നിഹിതരായിരുന്ന എല്ലാവരും, വീട്ടിലിരുന്ന് ഓസ്‌കര്‍ ചടങ്ങ് കാണുകയായിരുന്ന ആഗോള പ്രേക്ഷകര്‍ എന്നിങ്ങനെ ഞാൻ വേദനിപ്പിച്ചവരുടെ പട്ടിക വളരെ വലുതാണ്. അക്കാദമി എന്നിലര്‍പ്പിച്ച വിശ്വാസം എനിയ്ക്ക് കാത്ത് സൂക്ഷിയ്ക്കാനായില്ല. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചവർക്കും വിജയികൾക്കും അവരുടെ നേട്ടം ആഘോഷിക്കാനുള്ള അവസരം ഞാൻ നഷ്‌ടപ്പെടുത്തി.'
മാറ്റത്തിന് സമയമെടുക്കുമെന്നും അക്രമം യുക്തിയെ മറികടക്കാൻ ഒരിക്കലും അനുവദിയ്ക്കില്ലെന്ന് ഉറപ്പാക്കുമെന്നും നടന്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി. മാര്‍ച്ച് 28ന് ഓസ്‌കർ പുരസ്‌കാര ചടങ്ങിനിടെ ഭാര്യ ജെയ്‌ഡ പിങ്കറ്റിന്‍റെ 'അലോപ്പീസിയ'എന്ന രോഗാവസ്ഥയെ കുറിച്ച് നടത്തിയ പരമാര്‍ശത്തില്‍ ക്ഷുഭിതനായാണ് വില്‍ സ്‌മിത്ത് അവതാരകനായ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ചത്. സംഭവത്തിന് പിന്നാലെ ക്രിസ് റോക്കിനോടും ഓസ്‌കര്‍ അക്കാദമിയോടും പ്രേക്ഷകരോടും നടന്‍ മാപ്പപേക്ഷിച്ചിരുന്നു.
Also read: മമ്മൂട്ടിയുടെ കുറ്റാന്വേഷണം ഇനി വൈകില്ല; ഉടനെത്തും അന്വേഷണ ഉദ്യോഗസ്ഥര്‍