ലോസ് ഏഞ്ചൽസ്: ബെംഗളൂരു സ്വദേശിയായ സംഗീത സംവിധായകൻ റിക്കി കെജിന് മൂന്നാമത്തെ ഗ്രാമി പുരസ്‌കാരം. 'ഡിവൈൻ ടൈഡ്‌സ് ' എന്ന ആൽബത്തിനാണ് പുരസ്‌കാരം നേടിയത്. ആൽബത്തിൽ റിക്കിനൊപ്പം സഹകരിച്ച ബ്രിട്ടീഷ് റോക്ക് ബാൻഡായ 'ദി പൊലീസിന്‍റെ' ഡ്രമ്മറായ സ്റ്റുവർട്ട് കോപ്‌ലാൻഡുമായി റിക്കി പുരസ്‌കാരം പങ്കിട്ടു.
ഗ്രാമി 2023: റിക്കി കെജിന് മൂന്നാമത് പുരസ്കാരം - ഗ്രാമി പുരസ്‌കാരം
'ഡിവൈൻ ടൈഡ്‌സ്' എന്ന ആൽബത്തിന് മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആൽബം വിഭാഗത്തിലാണ് പുരസ്കാരം
65 - മത് ഗ്രാമി അവാർഡ് പ്രഖ്യാപനത്തിൽ മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആൽബം വിഭാഗത്തിലാണ് ഡിവൈൻ ടൈഡ്‌സ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ആകർഷകമായ ഗ്രാമഫോൺ ട്രോഫികളാണ് നേടിയത്. കഴിഞ്ഞ വർഷം ഇതേ ആൽബത്തിന് ഏറ്റവും മികച്ച നവയുഗ ആൽബം വിഭാഗത്തിൽ ഗ്രാമി പുരസ്‌കാരം ലഭിച്ചിരുന്നു.
'എല്ലാവരെയും തുല്യമായി സേവിക്കാൻ വേണ്ട സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഓരോ വ്യക്തി ജീവിതവും നിർണായക പങ്ക് വഹിക്കുന്നു' എന്ന സന്ദേശം നൽകാൻ ലക്ഷ്യമിടുന്ന ഒമ്പത് ഗാനങ്ങളുള്ള ആൽബമാണ് 'ഡിവൈൻ ടൈഡ്‌സ്'. 2015 ൽ 'വിൻഡ്‌സ് ഓഫ് സംസാര' എന്ന ചിത്രത്തിന് ഏറ്റവും മികച്ച നവയുഗ ആൽബം വിഭാഗത്തിലാണ് റിക്കി തന്‍റെ ആദ്യ ഗ്രാമി സ്വന്തമാക്കിയത്. പൊലീസ് ബാൻഡുമായുള്ള പ്രവർത്തനത്തിൽ കോപ്‌ലാൻഡ് അഞ്ച് ഗ്രാമി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. റിക്കി കെജുമായി ചേർന്നുള്ള സംഗീതത്തിൽ രണ്ടാമത്തെ പുരസ്‌കാരവുമാണ്.