ലോക സിനിമ ചരിത്രത്തിൽ തന്നെ അസാധാരണമായ ഒരു കൗതുകത്തിനാണ് ജൂൺ 21 സാക്ഷിയായത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന രണ്ടു ചിത്രങ്ങളാണ് അന്നേ ദിവസം ഒരുമിച്ചു റിലീസിനെത്തിയത്. ഗ്രേറ്റ ഗെർവിഗിന്‍റെ (Greta Gerwig) 'ബാർബി'യും (Barbie) ക്രിസ്റ്റഫർ നോളന്‍റെ (Christopher Nolan) 'ഓപ്പൺഹൈമറു'മാണ് (Oppenheimer) ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച പ്രേക്ഷകരിലേക്ക് എത്തിയിത്.
ലോകത്തെമ്പാടുമുള്ള സിനിമാസ്വാദകരെ പോലെ ഇന്ത്യൻ ചലച്ചിത്ര പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളായിരുന്നു 'ബാർബി'യും 'ഓപ്പൺഹൈമറും'. ഇപ്പോഴിതാ ഈ സിനിമകളുടെ ഇന്ത്യൻ ബോക്‌സോഫിസിലെ കലക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ദിനത്തില്‍ ഇന്ത്യൻ ബോക്‌സോഫിസ് കീഴടക്കിയത് ആരെന്ന് അറിയാനുള്ള കൗതുകത്തിലാണ് സിനിമാസ്വാദകർ.
'ഓപ്പൺഹൈമറും' 'ബാർബി'യും തമ്മില്‍ ആഗോള തലത്തില്‍ 'ബാർബെൻഹൈമർ' എന്ന് വിളിക്കുന്ന ബോക്‌സോഫിസ് പോരിലാണ് എന്നാണ് ഹോളിവുഡ് മാധ്യമങ്ങളടക്കം വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് ഇന്ത്യയില്‍ കാര്യമായി ഉണ്ടായില്ലെന്നാണ് ഇപ്പോൾ പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാലും രണ്ട് ഹോളിവുഡ് ചിത്രങ്ങൾക്കും ഇന്ത്യൻ ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞു.
ബോക്‌സോഫിസ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, 'ഓപ്പൺഹൈമർ' ആദ്യ ദിവസം തന്നെ 13.50 കോടി രൂപയാണ് നേടിയത്. അടുത്തിടെ പുറത്തിറങ്ങിയ 'ഫാസ്റ്റ് എക്‌സ്', 'മിഷൻ ഇംപോസിബിൾ- 7' തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ ആദ്യ ദിന കലക്ഷനെ പിന്നിലാക്കാൻ 'ഓപ്പൺഹൈമറി'ന് ആയി. ഏകദേശം 12 കോടിയോളം രൂപയാണ് 'ഫാസ്റ്റ് എക്‌സും' 'മിഷൻ ഇംപോസിബിളി'ന്‍റെ ഏഴാം ഭാഗത്തിനും നേടാൻ സാധിച്ചത്.
അതേസമയം, 'ബാർബി'യുടെ ഇന്ത്യയിലെ ഓപ്പണിങ് ഡേ കലക്ഷൻ 'ഓപ്പൺഹൈമറി'ന്‍റേതിന് അടുത്തെങ്ങും എത്തിയില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ആദ്യ ദിവസം 4.25 കോടി രൂപ മുതൽ 4.50 കോടി രൂപ വരെ നേടാൻ ചിത്രത്തിനായി. മികച്ച സംവിധായികക്കുള്ള ഓസ്‌കാർ നോമിനേഷൻ ലഭിച്ച ചുരുക്കം ചില വനിതകളിലൊരാളായ ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്‌ത ബാർബിയില്‍ മാർഗോട്ട് റോബി (Margot Robbie) ആണ് ബാർബിയായി എത്തിയത്. കെൻ ആയി റയാൻ ഗോസ്ലിങ്ങും (Ryan Gosling) എത്തി.
അതേസമയം രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന കേന്ദ്രങ്ങളിലും 'ഓപ്പൺഹൈമർ' മികച്ച വരുമാനം നേടിയതായി ബോക്‌സോഫിസ് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ആറ്റം ബോംബിന്‍റെ പിതാവെന്ന് അറിയപ്പെടുന്ന ഭൗതിക ശാസ്‌ത്രജ്ഞൻ 'ജെ റോബർട്ട് ഓപ്പൺഹൈമറി'ന്‍റെ ജീവിതമാണ് ക്രിസ്റ്റഫർ നോളൻ ചിത്രം പറയുന്നത്. ആറ്റംബോംബിന്‍റെ നിർമാണവും രണ്ടാംലോക മഹായുദ്ധവുമെല്ലാം ചിത്രം പ്രമേയമാക്കുന്നു. സിലിയൻ മർഫിയാണ് (Cillian Murphy) ജെ റോബർട്ട് ഓപ്പൺഹൈമറായി എത്തുന്നത്. എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലെക് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
മാർഗോട്ട് റോബി, റയാൻ ഗോസ്ലിങ് എന്നിവർക്ക് പുറമെ ദുവാ ലിപ, സിമു ലിയു, അരിയാന ഗ്രീൻബ്ലാറ്റ്, മൈക്കൽ സെറ, എമ്മ മക്കി എന്നിവരാണ് 'ബാർബി'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.