ലോസ് ഏഞ്ചൽസ് :വിവസ്‌ത്രനാകാൻ വിസമ്മതിച്ചതിനാൽ പ്രമുഖ സംവിധായകൻ മാർവൽ കഥാപാത്രമാകാനുള്ള അവസരം നിഷേധിച്ചതായി ഹോളിവുഡ് നടൻ മാത്യു ലോറൻസിന്‍റെ തുറന്നുപറച്ചിൽ.ഓസ്‌കർ ജേതാവായ ഒരു ചലച്ചിത്ര സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്ന ഭയാനകമായ അനുഭവത്തെക്കുറിച്ച് 'ബ്രദർലി ലവ് പോഡ്‌കാസ്റ്റി'ന്‍റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ വെളിപ്പെടുത്തുകയായിരുന്നു മാത്യു ലോറൻസ്. തന്നോട് ഇത്തരത്തിൽ ലൈംഗിക ചൂഷണത്തിനായി സമീപിച്ചവരിൽ സ്‌ത്രീകളും പുരുഷൻമാരും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
'മാർവൽ പ്രൊഡക്ഷനിൽ ഒരു വേഷം എനിക്ക് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ വേഷം ലഭിക്കണമെങ്കിൽ വസ്‌ത്രം അഴിച്ചുമാറ്റാനാണ് പ്രമുഖ സംവിധായകൻ ആവശ്യപ്പെട്ടത്. വളരെ പ്രമുഖനായ ഒരു ഓസ്‌കർ അവാർഡ് ജേതാവായ സംവിധായകൻ ഹോട്ടൽ റൂമിൽ വന്ന് നേരിട്ട് കാണാൻ പറഞ്ഞു. എന്‍റെ ഏജൻസി വഴിയാണ് സംവിധായകനെ കാണാൻ അവസരം ലഭിച്ചത്.
ഞാൻ ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ അയാൾ ഒരു റോബ്‌സ് മാത്രം ധരിച്ചാണ് എന്‍റെ അടുത്തേക്ക് വന്നത്. വന്നയുടന്‍ എന്നോട് വസ്‌ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടു. എന്‍റെ പോളറോയിഡുകൾ (ഒരു ചിത്രമെടുക്കുകയും കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അതിന്‍റെ പ്രിന്‍റ് എടുക്കുകയും ചെയ്യുന്ന ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോ) എടുക്കണമെന്ന് പറഞ്ഞു. പിന്നെ ഞാൻ എക്‌സ്, വൈ, ഇസഡ് എന്നിവ ചെയ്‌താൽ ഞാൻ അടുത്ത മാർവൽ കഥാപാത്രമായിരിക്കുമെന്നും അയാൾ പറഞ്ഞു. എന്നാൽ ഞാൻ അത് ചെയ്യാൻ സന്നദ്ധനായിരുന്നില്ല. ഞാൻ സംവിധായകന്‍റെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ എന്‍റെ ഏജൻസി എന്നെ പുറത്താക്കി' - മാത്യു ലോറൻസ് പോഡ്‌കാസ്‌റ്റിൽ പറയുന്നു.