സുരേഷ് ഗോപി തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു: ടിക്കാറാം മീണ - ചട്ട ലംഘനം
സുരേഷ് ഗോപി കലക്ടറുടെ നോട്ടീസിന് മറുപടി നൽകണം. ദൈവത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ടിക്കാറാം മീണ.
തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. അതുകൊണ്ടാണ് കലക്ടർ നോട്ടീസ് നൽകിയത്. ദൈവത്തിൻന്‍റെ പേരിൽ വോട്ട് പിടിക്കുന്നത് എന്തിനുവേണ്ടിയാണെന്നും എന്താണിത്ര നിർബന്ധം എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചോദിച്ചു. സുരേഷ് ഗോപിയുടെ മറുപടി പരിശോധിച്ച വരണാധികാരിയായ ജില്ലാ കലക്ടർ ഉചിതമായ നടപടി സ്വീകരിക്കും. അതിൻമേൽ സുരേഷ് ഗോപിക്ക് അപ്പീൽ നൽകാമെന്നും ടിക്കാറാം മീണ പറഞ്ഞു. അതേസമയം അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചിട്ടില്ലെന്നും പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടേയും സാമുദായിക വികാരങ്ങളുടേയും പേരിൽ വോട്ടു ചോദിക്കാൻ പാടില്ലെന്ന നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി, അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചുവെന്ന് കാണിച്ചാണ് സുരേഷ്ഗോപിക്ക് കളക്ടർ നോട്ടീസ് നൽകിയത്.