കണ്ണൂർ: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഡിവിഷനാണ് പട്ടുവം. കഴിഞ്ഞ 40 വർഷത്തോളമായി എൽഡിഎഫ് വിജയിക്കുന്ന ഡിവിഷനാണ് പട്ടുവം. പട്ടുവം പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ആനക്കീൽ ചന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥി. ഡിസിസി ജനറൽ സെക്രട്ടറിയും പട്ടുവം പഞ്ചായത്തിലെ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ. രാജീവൻ കപ്പച്ചേരിയെയാണ് യുഡിഎഫ് സ്ഥാനാർഥി. പ്രസിഡന്‍റും, പ്രതിപക്ഷ നേതാവും തമ്മിൽ ഏറ്റുമുട്ടുന്നു എന്നൊരു പ്രതേകതയും ഈ മത്സരത്തിനുണ്ട്. കരുത്തരായ രണ്ടു സ്ഥാനാർഥികൾ അയതുകൊണ്ടുതന്നെ ഇത്തവണ മത്സരം തീപാറുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ അഞ്ചു വർഷക്കാലമായി പട്ടുവം പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കിയ വികസനങ്ങളെ മുൻ നിർത്തിയാണ് താൻ മത്സരിക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനക്കീൽ ചന്ദ്രൻ പറയുന്നു. ഇക്കാലയളവിൽ പഞ്ചായത്തിലെ കാർഷിക -ആരോഗ്യ -വികസന മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് പ്രചാരണായുധമെന്ന് അദ്ദേഹം പറഞ്ഞു. 15000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇത്തവണയും ഡിവിഷൻ വിജയിക്കണക്കുമെന്നാണ് എൽഡിഎഫിന്‍റെ കണക്കുകൂട്ടൽ.