എറണാകുളം: എറണാകുളം, വയനാട് ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ സരിത എസ് നായർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. നാമനിർദേശപത്രിക തള്ളി എന്ന പരാതി ഉണ്ടെങ്കിൽ ഇലക്ഷൻ ഹർജിയായി നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സരിതയുടെ ഹർജികൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സരിതയുടെ ഹർജി തള്ളിയത്.
സരിതാ നായരുടെ നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ സമർപ്പിച്ച ഹർജിയും തള്ളി - ലോക്സഭ ഇലക്ഷൻ
ഇലക്ഷൻ ഹർജി ഫയൽ ചെയ്താലും വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കില്ലെന്നും, ഹൈക്കോടതിയുടെ ഈ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സരിത എസ് നായർ.
അതേസമയം ഇലക്ഷൻ ഹർജി ഫയൽ ചെയ്താലും വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കില്ലെന്നും, ഹൈക്കോടതിയുടെ ഈ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സരിത എസ് നായർ വ്യക്തമാക്കി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിൽ ശിക്ഷ റദ്ദാക്കി കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ രണ്ട് നാമനിർദ്ദേശപത്രികകളും തള്ളിയത്.
സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും, സ്ത്രീകളോട് അതിക്രമം കാണിക്കുന്ന പാർട്ടി നേതാക്കളെ ഇപ്പോഴും സംരക്ഷിക്കുകയാണെന്നും, കൂടുതൽ പദവികൾ നൽകി പാർട്ടിയിൽ അവരെ വളർത്തുകയാണ് എന്നും സരിത പറഞ്ഞിരുന്നു. കോൺഗ്രസ് എംഎൽഎമാർ സംരംഭം തുടങ്ങാൻ സഹായിക്കാം എന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി നേരത്തെ സരിത രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് താൻ നിരവധി തവണ പരാതി അയച്ചിരുന്നതായും എന്നാൽ തൃപ്തികരമായ യാതൊരു പ്രതികരണവും കിട്ടാത്തതിനാലാണ് വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കാൻ ഒരുങ്ങുന്നതെന്നും സരിത വ്യക്തമാക്കിയിരുന്നു.