സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പോളിങ് രാത്രി വൈകിയും തുടരുന്നു. പല ബൂത്തുകളിലും നൂറലധികം പേർ നിൽക്കുന്ന നീണ്ട ക്യൂ. എട്ട് മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ പോളിങ്.
ELECTION LIVE: സംസ്ഥാനത്ത് കനത്ത പോളിങ്; വയനാട്ടിൽ റെക്കോർഡ് - nda

2019-04-23 22:30:05
സംസ്ഥാനത്തെ പോളിങ് 77% കടന്നു; രാത്രി പത്ത് കഴിഞ്ഞിട്ടും പല ബൂത്തിലും നീണ്ട ക്യൂ
2019-04-23 22:16:13
കണ്ണൂരിൽ സിപിഎം-മുസ്ലീം ലീഗ് സംഘർഷത്തിൽ ബോംബേറ്
കണ്ണൂർ കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കടവത്തൂരിൽ സിപിഎം-മുസ്ലീം ലീഗ് സംഘർഷം. പൊലീസിന് നേരെ ബോംബേറ്. ബോംബേറിൽ കൊളവല്ലൂർ എസ് ഐ അനിൽ കുമാറിന് പരിക്ക്.
2019-04-23 19:32:13
വോട്ടുകളിൽ വ്യത്യാസം
അടൂർ പഴകുളത്തെ ബൂത്തിൽ വോട്ടുകളിൽ വ്യത്യാസമെന്ന് പരാതി. 843 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ മെഷീനിൽ ഉള്ളത് 820 വോട്ടുകൾ മാത്രം
2019-04-23 19:32:07
ഷാനിമോൾ ഉസ്മാനെ സിപിഎം പ്രവർത്തകർ തടഞ്ഞു
കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ സിപിഎം പ്രവർത്തകർ തടഞ്ഞു. ഷാനിമോളെ ബൂത്തിൽ കയറാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ. ഷാനിമോൾ ഉസ്മാൻ ബൂത്തിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.
2019-04-23 18:17:02
സംസ്ഥാനത്തെ വോട്ടെടുപ്പ് സമയം അവസാനിച്ചു; വയനാട്ടിൽ റെക്കോര്‍ഡ് പോളിങ്
സംസ്ഥാനത്തെ വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും പല ബൂത്തികളിലും പോളിങ് തുടരുന്നു. സംസ്ഥാനത്താകെ 73.64% വോട്ടെടുപ്പ് നിശ്ചിത സമയത്ത് രേഖപ്പെടുത്തിയത്.
2019-04-23 18:04:41
കാസർകോട് ബൂത്ത് ഏജന്‍റിന് കുത്തേറ്റു
കാസർകോട് യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു. യുഡിഫ് പ്രവർത്തകൻ ജലീലിനാണ് കുത്തേറ്റത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
2019-04-23 17:44:02
എബിനെ സ്റ്റേഷൻ ജ്യാമ്യത്തില്‍ വിട്ടു
തിരുവനന്തപുരം പട്ടത്ത് ഇവിഎം മെഷിൻ തകരാറിലായെന്ന് പരാതിയെ തുടർന്ന് അറസ്റ്റിലായ എബിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പരാതി തെളിയിക്കാൻ സാധിക്കാത്തതിനാലാണ് അറസ്റ്റ്. വോട്ട് മറ്റൊരു സ്ഥാനാർഥിക്ക് പോയെന്നായിരുന്നു എബിന്‍റെ പരാതി. ടെസ്റ്റ് വോട്ട് രേഖപ്പെടുത്തി പരാതി വ്യാജമെന്ന് കണ്ടെത്തി.
2019-04-23 17:35:59
അമ്പലപ്പുഴയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആലപ്പുഴ ലോക്സഭാ മണ്ഡലം അമ്പലപ്പുഴ നിയമസഭ മണ്ഡലത്തിലെ ഒന്നാം ബൂത്തിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പ്രായമായ രണ്ട് സ്ത്രീകളെ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം. സംഘർഷത്തെ തുടർന്ന് പോളിങ് 20 മിനിറ്റോളം നിർത്തിവച്ചു. പ്രദേശത്തെ വാർഡ് കൗൺസിലറും മുസ്ലിം ലീഗ് ജില്ലാ നേതാവുമായ എ എം നൗഫലിന്‍റെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തി സംഘർഷത്തിന് തുടക്കമിട്ടത്. ഇത് ബൂത്തിലെ എൽഡിഎഫ് പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് വാക്കേറ്റവും നേരിയ രീതിലുള്ള സംഘർഷവും ഉണ്ടാവുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസെത്തി പ്രശ്നം രമ്യമായി രീതിയിൽ പരിഹരിക്കാൻ ആവശ്യപ്പെട്ടു.
2019-04-23 17:16:16
കാസർകോട് കനത്ത മഴയെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു
2019-04-23 17:10:49
പരാതിക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം പട്ടത്ത് ഇവിഎം മെഷിൻ തകരാറിലായെന്ന് പരാതി നൽകിയ എബിൻ അറസ്റ്റിൽ. പരാതി തെളിയിക്കാൻ സാധിക്കാത്തതിനാലാണ് അറസ്റ്റ്. വോട്ട് മറ്റൊരു സ്ഥാനാർഥിക്ക് പോയെന്നായിരുന്നു എബിന്‍റെ പരാതി. ടെസ്റ്റ് വോട്ട് രേഖപ്പെടുത്തി പരാതി വ്യാജമെന്ന് കണ്ടെത്തി.
2019-04-23 16:36:56
കണ്ണൂരിലും കാസർകോടിലും യുഡിഎഫ് എൽഡിഎഫ് സംഘർഷം; വോട്ടിങ് നിർത്തിവെച്ചു
തെരഞ്ഞെടുപ്പിനിടെ കണ്ണൂരിലും കാസർകോടിലും എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കാസർകോട് പടന്നക്കാട്ടായിരുന്നു എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. മൂന്ന് യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ കുറ്റ്യാട്ടൂരിൽ കള്ളവോട്ട് ആരോപണത്തെ തുടർന്നാണ് എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷത്തിലായത്. വോട്ടിങ് മെഷീനുകള്‍ക്ക് കേടുപാട് സംഭവിച്ചു. താത്ക്കാലികമായി വോട്ടിങ് നിർത്തിവെച്ചു.
2019-04-23 16:27:28
കൊല്ലത്ത് വോട്ട് ചെയ്യാൻ വന്ന ശാരീരിക മാനസിക വൈകല്യമുള്ളവരെ തടഞ്ഞു
കൊല്ലം പത്തനാപുരത്ത് ശാരീരിക മാനസിക വൈകല്യമുള്ളവരെ പാർപ്പിക്കുന്ന അനാഥലയത്തിലെ അന്തേവാസികളെ വോട്ട് ചെയ്യാൻ അനുവദിക്കാതെ യുഡിഎഫ് പ്രവർത്തകർ. വിളക്കുടി സ്നേഹതീരത്തിലെ വോട്ടർമാരെയാണ് ആരംപുന്ന എൽപിഎസ് ലെ ബൂത്തിൽ തടഞ്ഞത്. വോട്ടു ചെയ്യാൻ സഹായികളെ അനുവദിക്കില്ലെന്നായിരുന്നു പ്രവർത്തകരുടെ നിലപാട്. കൊല്ലം പുനലൂർ ആരംപുന്ന 86-ാം ബൂത്തിലാണ് സംഭവം
2019-04-23 16:07:54
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മന്ത്രി തോമസ് ഐസക്ക്
2019-04-23 16:06:43
പാലക്കാട് എൻഡിഎ സ്ഥാനർഥിയുടെ പേരും ചിഹ്നവും വോട്ടിങ് യന്ത്രത്തിൽ മറച്ചതായി പരാതി
പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്മകുമാറിന്‍റെ പേരും ചിഹ്നവും വോട്ടിങ് യന്ത്രത്തിൽ മറച്ചതായി പരാതി. കുമരംപുത്തൂരിലെ ബൂത്തിലാണ് പേരും ചിഹ്നവും കറുത്ത സ്റ്റിക്കർ ഉപയോഗിച്ച് മറച്ചെന്ന പരാതി ഉയർന്നത്. ബൂത്തിൽ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പരാതി നൽകി.
2019-04-23 15:22:08
വയനാട്ടില്‍ രാഹുല്‍ ജയിച്ച ശേഷം രാജിവെച്ചാല്‍ വഞ്ചനയെന്ന് വെള്ളാപ്പള്ളി
വയനാട്ടിൽ രാഹുൽ ജയിച്ചതിന് ശേഷം രാജിവെച്ച് പോയാല്‍ അത് കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണെന്ന് വെള്ളപ്പള്ളി നടേശൻ. വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് രാഹുലിന്‍റെ സ്ഥാനാർഥിത്വത്തെ കുറിച്ച് വെള്ളാപ്പള്ളി പ്രതികരിച്ചത്.
2019-04-23 14:43:45
ഇടുക്കി ഉപ്പുതറയിൽ എൽ ഡി എഫ് - യു ഡി എഫ് സംഘർഷം
ഉപ്പുതറ മാട്ടുതാവളം ബൂത്തിൽ എൽ ഡി എഫ് - യു ഡി എഫ് സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകന് പരിക്ക്. തലക്ക് സാരമായി പരിക്കേറ്റ ആലപ്പാട്ട് കുന്നേൽ ജോസഫ് കുട്ടിയെ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2019-04-23 14:02:06
തിരിമറി ആരോപണം; വോട്ടർക്കെതിരെ കേസ്
തിരുവനന്തപുരത്ത് വോട്ടിങ് യന്ത്രത്തിൽ തിരിമറി ആരോപിച്ച വോട്ടർക്കെതിരെ കേസെടുത്തു. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ വോട്ട് രേഖപ്പെടുത്താൻ വന്ന എബിനെതിരെയാണ് കേസ്.
2019-04-23 13:45:04
തിരിമറി തെളിയിച്ചില്ലെങ്കില്‍ കേസെടുക്കും: ടിക്കാറാം മീണ
വോട്ടിങ് യന്ത്രത്തിൽ തിരിമറി ആരോപിക്കുന്നവർ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ.
2019-04-23 13:22:12
തെരഞ്ഞെടുപ്പ് ദിവസം രാഹുലിന്‍റെ ട്വീറ്റ്; പരാതിയുമായി തുഷാർ
കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ പാരതിയുമായി എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളപ്പള്ളി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സമയം നേരത്തെ അവസാനിച്ചതാണെന്നും തുഷാര്‍.
2019-04-23 13:08:34
വോട്ടിങിനിടെ സംസ്ഥാനത്ത് അഞ്ച് പേർ മരിച്ചു
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തിയ അഞ്ച് പേർ കുഴഞ്ഞ് വീണ് മരിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകൾ.
2019-04-23 12:25:54
ആദ്യ മണിക്കൂറിൽ തന്നെ വോട്ട് ചെയ്യാനെത്തി സ്ഥാനാർഥികളും താരങ്ങളും
സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് ആദ്യ മണിക്കൂറിൽ വോട്ട് രേഖപ്പെടുത്താൻ സ്ഥാനാർഥികളും, ചലച്ചിത്ര താരങ്ങളെത്തി. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ പോളിങ് ആരംഭിച്ചു ഉടൻ തന്നെ ഭാര്യക്കൊപ്പം എറണാകുളം മാമംഗലം എസ്എൻഡിപി ഹാളിൽ വോട്ട് രേഖപ്പെടുത്തി. മലപ്പുറം യുഡിഎഫ് സ്ഥാനാർഥിയായ പി കെ കുഞ്ഞാലിക്കുട്ടിയും, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പാണക്കാട് സി.കെ.എം.എം.എ.എല്‍.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയത്. കൊല്ലത്തെ യു ഡി എഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ കൊല്ലം ക്രിസ്തുരാജ് എച്ച്എസ്എസിൽ വോട്ടു ചെയ്തു. സി പി എം തന്നെ വ്യക്തിഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രേമചന്ദ്രൻ വോട്ട് ചെയ്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം നേമത്ത് മുടവന്‍മുകൾ ഗവണ്‍മെന്‍റ് സ്‌കൂളിലാണ് മോഹന്‍ലാല്‍ തന്‍റെ വോട്ട് രേഖപ്പെടുത്തിയത്. നടൻ മമ്മൂട്ടി കൊച്ചി പനമ്പിള്ളി നഗറിലെ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ എത്തി വോട്ട് ചെയ്തതു. നമ്മുടെ അധികാരം പ്രയോജനപ്പെടുത്താൻ ലഭിക്കുന്ന ഏക അവസരമാണിതെന്നും എല്ലാവരും ആത്മാർത്ഥതയോടും കൃത്യതയോടും കൂടി വോട്ട് രേഖപ്പെടുത്തണമെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സംവിധായകൻ ഫാസിലും മകനും നടനുമായ ഫഹദ് ഫാസിലും ആലപ്പുഴയിലാണ് വോട്ട് രേഖപ്പെടുത്തിയത്. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും എല്ലാ തവണയും വോട്ട് ചെയ്യാറുണ്ടെന്നും ഫഹദ് ഫാസിൽ മാധ്യമങ്ങളോട് പറഞ്ഞു. യുവനടൻ ടൊവിനോ തോമസ്, അജു വർഗീസ് തുടങ്ങിയവരും വോട്ട് ചെയ്യാനെത്തിയിരുന്നു.
2019-04-23 11:43:11
കണ്ണൂർ, വയനാട്, പാലക്കാട് മണ്ഡലങ്ങളിൽ കനത്ത പോളിങ്
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് ആദ്യ അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 29% പോളിംഗ് രേഖപ്പെടുത്തി. ഇതിനിടെ സംസ്ഥാനത്തെ പല ഭാഗങ്ങളിൽ നിന്നും വോട്ടിങ് മെഷീനെതിരെ വ്യാപക പരാതികൾ ഉയർന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോവളം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിലും, ആലപ്പുഴ ചേർത്തല നിയമസഭ മണ്ഡലത്തിലും വോട്ടിങ് യന്ത്രത്തില്‍ തിരിമറിയെന്ന് പരാതി ഉയർന്നു. കോവളം ചൊവ്വര 154 -ാം ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ രേഖപ്പെടുത്തിയ വോട്ട് താമരയ്ക്ക് പതിഞ്ഞുവെന്നാണ് പരാതി.