കോട്ടയം: വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ഒരിക്കൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥി വിഎൻ വാസവന് യുഡിഎഫിന്‍റെ തോമസ് ചാഴിക്കാടന് മുന്നിലെത്താനായത്. ലീഡ് തിരിച്ചുപിടിച്ച ചാഴിക്കാടൻ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ലയെന്നതാണ് വാസ്തവം. വൈക്കം മണ്ഡലത്തിലൊഴികെ മറ്റ് മണ്ഡലങ്ങളിൽ എല്ലാം വ്യക്തമായ അധിപത്യം സ്ഥാപിച്ചാണ് തോമസ് ചാഴിക്കാടന്‍റെ വിജയം.
കോട്ടയം സ്വന്തം കോട്ടയാക്കി തോമസ് ചാഴികാടൻ - എൽഡിഎഫ്
ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് ഗുണം ചെയ്തതാണ് എൽഡിഎഫ് പരാജയ കാരണമായി ചൂണ്ടിക്കാട്ടുന്നത്
പിറവം, കടത്തുരുത്തി, പാലാ, പുതുപ്പള്ളി മണ്ഡലങ്ങളിൽ 2014നെ അപേക്ഷിച്ച് യുഡിഎഫിന്‍റെ ഭൂരിപക്ഷം വർധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് രണ്ടായിരം വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ച വൈക്കത്ത് ഇക്കുറി എൽഡിഎഫ് സ്ഥാനാർഥി വിഎൻ വാസവന് ഒമ്പതിനായിരം വോട്ടിന്‍റെ ലീഡ് നേടാൻ കഴിഞ്ഞു. എന്നാൽ കോട്ടയത്തും ഏറ്റുമാനൂരിലും വോട്ട് കുറഞ്ഞു. ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരത്തി രണ്ട് വോട്ടുകളുടെ ലീഡ് നേടിയാണ് കോട്ടയത്ത് തോമസ് ചാഴിക്കാടന്‍റെ ജയം.
എൽഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പ് അപേക്ഷിച്ച് രണ്ട് ശതമാനം വോട്ട് കുറവുണ്ടായി. അഞ്ച് ശതമാനത്തിൽ നിന്ന് 16 ശതമാനത്തിലേക്ക് മെച്ചപ്പെട്ട നിലയ്ക്കായിരുന്നു എൻഡിഎയുടെ പ്രകടനം. എൻഡിഎ സ്ഥാനാർഥി പിസി തോമസ് ഒന്നര ലക്ഷം വോട്ട് നേടി. ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് ഗുണം ചെയ്തതാണ് എൽഡിഎഫ് പരാജയ കാരണമായി ചൂണ്ടിക്കാട്ടുന്നത്.