തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന് ശേഷവും തന്റെ രീതികളിൽ മാറ്റം വരുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ജനങ്ങളുടെ നേർക്കുളള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളുടെ നേർക്കുള്ള വെല്ലുവിളി; രമേശ് ചെന്നിത്തല - Ramesh Chennitala
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ ജയിക്കാത്തതിൽ പിണറായി വിജയന് നിരാശയുണ്ടെന്നും ചെന്നിത്തല
![മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളുടെ നേർക്കുള്ള വെല്ലുവിളി; രമേശ് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3380961-642-3380961-1558781264162.jpg)
ജനങ്ങൾക്ക് തെറ്റുപറ്റിയെന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാട്. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ ജയിക്കാത്തതിൽ പിണറായി വിജയന് നിരാശയുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ശൈലി മാറ്റരുതെന്നാണ് ഞങ്ങളുടെ പ്രാർഥനയെന്നും യുഡിഎഫിന് അതാണ് നല്ലതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. എന്നാൽ ഇക്കാര്യത്തിൽ ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന മുഖ്യമന്ത്രിയുടെ പരാമർശം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നുവെങ്കിൽ അതിൻെറ ഫലം പത്തനംതിട്ടയിൽ ഉണ്ടാകുമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണ്. ബിജെപിയെ വളർത്തി യുഡിഎഫിനെ തളർത്താനുള്ള തന്ത്രം പാളിയതിന്റെ നാണകേടാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമികമായി അവകാശമില്ലെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.