കേരളം

kerala

ETV Bharat / elections

കേരളത്തിൽ യുഡിഎഫിന്‍റെ മത്സരം ഇടതുപക്ഷവുമായെന്ന് രാഹുൽ ഗാന്ധി - ഷാനിമോൾ ഉസ്മാൻ

ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

By

Published : Apr 17, 2019, 4:01 AM IST

Updated : Apr 17, 2019, 11:36 AM IST

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരം ഇടതുപക്ഷവുമായെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പ്രതിവർഷം 72,000 രൂപ ജനങ്ങൾക്ക് നൽകുമെന്ന പ്രഖ്യാപനം രാഹുൽ ആലപ്പുഴയിലും ആവർത്തിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഷാനിമോൾ ഉസ്മാന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരവിനായി ആയിരങ്ങളാണ് ആലപ്പുഴയിൽ കാത്തിരുന്നത്. രാഹുൽ വേദിയിലെത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. തുടർന്ന് രാഹുലിന്‍റെ വാക്കുകൾക്കായി കാതോർത്തു. കേരളത്തിൽ യുഡിഎഫ് മത്സരിക്കുന്നത് ഇടതുപക്ഷവുമായാണെന്ന് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. ആർഎസ്എസ്സും സംഘപരിവാർ സംഘടനകളും ഇന്ത്യയോട് ചെയ്തിടത്തോളം ദ്രോഹം ഇടതുപക്ഷം ഒരു കാലത്തും ചെയ്തിട്ടില്ല. ഈ രാജ്യത്തിന്‍റെ ഭരണഘടനാ സ്ഥാപനങ്ങളെ ഒരിക്കലും ഇടതുപക്ഷം ചോദ്യം ചെയ്തിട്ടില്ല. നരേന്ദ്ര മോദിയിൽ നിന്നും ആർഎസ്എസിൽ നിന്നും ഇന്ത്യയെ രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും രാഹുൽ വ്യക്തമാക്കി.

പ്രതിവർഷം 72,000 രൂപ രാജ്യത്തെ ജനങ്ങൾക്ക് നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും രാഹുൽ ഗാന്ധി ആലപ്പുഴയിൽ ആവർത്തിച്ചു. മോദി പ്രഖ്യാപിച്ച 15 ലക്ഷം രൂപ ഒരുകാലത്തും രാജ്യത്തെ ജനങ്ങൾക്ക് നൽകാൻ കഴിയില്ല. അത് വലിയ കളവാണ്. അങ്ങനെ നൽകാൻ ശ്രമിച്ചാൽ അത് എക്കാലത്തെയും വലിയ സാമ്പത്തിക ദുരിതത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളിൽ നിന്ന് പൈസ കോർപ്പറേറ്റുകൾക്ക് എത്തിച്ചുകൊടുത്തു. എന്നാൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ഇതേ കോർപ്പറേറ്റുകളുടെ പോക്കറ്റിൽ നിന്ന് ആ പൈസ പിടിച്ചെടുത്ത് ഇന്ത്യയിലെ ദരിദ്രർക്ക് നൽകുമെന്നും രാഹുൽ വ്യക്തമാക്കി. കേരളത്തെ ബാധിച്ച മഹാപ്രളയം അവരുടെ കാർഷിക സമ്പത്തിനെ നശിപ്പിച്ചു. എന്നാൽ കർഷകർക്ക് ആവശ്യമായ സഹായം അവർക്ക് ലഭിച്ചിട്ടില്ല. രാജ്യത്തെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെയും അവസ്ഥ മറ്റൊന്നല്ല. ഇതിനൊക്കെ പരിഹാരം കാണാൻ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തണം. അധികാരത്തിൽ വന്നാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും വൻ ജനാവലി സാക്ഷ്യമാക്കി രാഹുൽ ഗാന്ധി പറഞ്ഞു.

Last Updated : Apr 17, 2019, 11:36 AM IST

ABOUT THE AUTHOR

...view details