മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി എന്നിവയും പാലക്കാട് ജില്ലയിലെ തൃത്താല നിയമസഭാമണ്ഡലവും ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം. 2004-ലെ തെരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നി നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. 2008 ലെ മണ്ഡല പുനർനിർണയത്തിന് ശേഷം പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ, കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.
രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ മുസ്‌ലിം ലീഗിന്‍റെ ഉരുക്ക് കോട്ടയാണ് പൊന്നാനി. 1977 മുതൽ നടന്ന മുഴുവൻ തെരഞ്ഞെടുപ്പുകളിലും അന്തിമ ഫലം വന്നപ്പോൾ മണ്ഡലത്തിൽ ഉയർന്നു പാറിയത് ലീഗിന്‍റെ പച്ച കൊടിയാണ്. അതുകൊണ്ട് തന്നെ ഈ വലതു കോട്ടയെ തകർക്കാൻ മുഖ്യ എതിരാളിയായ ഇടതിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. മൂന്ന് തവണ മാത്രമാണ് പഴയ പൊന്നാനി മണ്ഡലത്തിൽ വിജയം കുറിക്കാൻ എൽഡിഎഫിന് സാധിച്ചിട്ടുള്ളത്. 1962 ൽ ഇമ്പിച്ചി ബാവയിലൂടെയായിരുന്നു മണ്ഡലത്തിൽ ഇടതിന് ആദ്യ വിജയം. പിന്നീട് 1967 ൽ സി കെ ചക്രപാണിയിലൂടെയും, 72 ൽ കൃഷ്‌ണിനിലൂടെയും മണ്ഡലത്തിൽ ഇടത് കൊടി പാറി, 77 ൽ ലീഗിലൂടെ വലത് പിടിച്ച മണ്ഡലം പിന്നീട് ഇതുവരെ മറ്റൊരു മുന്നണിയെയും സ്വീകരിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ ആധികാരികത വലതിന് നേടാനായിട്ടില്ല. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലെ നാല് നിയസഭ മണ്ഡലങ്ങൾ വലതിനൊപ്പം നിന്നപ്പോൾ മൂന്നെണ്ണം എൽഡിഎഫിനെ പിന്തുണച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷത്തിൽ വലിയ ഇടിവാണ് യുഡിഎഫിനുണ്ടായത്. 2009 ൽ 82684 വോട്ടുകൾക്ക് മണ്ഡലത്തിൽ വിജയിച്ച മുസ്ലീംലീഗിന്‍റെ ഭൂരിപക്ഷം 2014 ൽ 25410 ആയി കുറഞ്ഞു.
തുടർച്ചയായ മൂന്നാം വിജയം തേടിയാണ് യുഡിഎഫ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ മണ്ഡലത്തിൽ പോരിനിറങ്ങുന്നത്. 77 മുതൽ കൈവിടാത്ത മണ്ഡലം ഇത്തവണത്തെയും വിജയം സമ്മാനിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
ന്യൂനപക്ഷ വിഷയങ്ങളിൽ ഇടി മുഹമ്മദ് ബഷീറിന്‍റെ പാര്‍ലമെന്‍റിലെ ഇടപെടൽ മണ്ഡലത്തിൽ വോട്ടായി മാറുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്. എങ്കിലും 2014 ൽ ഭൂരിപക്ഷം കുറഞ്ഞത് യുഡിഎഫ് ക്യാമ്പുകൾക്ക് ആശങ്കയാണ്. അതുകൊണ്ടു തന്നെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴാതിരിക്കനാവും യുഡിഎഫ് ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുക.