മധ്യകേരളത്തെ ആവേശത്തിലാഴ്ത്തി കൊട്ടിക്കലാശം സമാപിച്ചു. കൊച്ചി കലൂരിൽ നിന്നും ആരംഭിച്ച റോഡ് ഷോ എറണാകുളം ടൗൺഹാളിന് സമീപം സമീപിച്ചതോടെയാണ് പ്രചാരണം കൊട്ടി കലാശത്തിലേക്ക് കടന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാനെത്തിയത്. അഞ്ചുമണിയോടെ സമാപിച്ച റോഡ് ഷോയ്ക്ക് ശേഷം നീണ്ട ഒരു മണിക്കൂർ നേരം സ്ഥാനാർഥിയും പ്രവർത്തകരും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും പരസ്യപ്രചാരണ സമാപനത്തിന്‍റെ ആവേശത്തിൽ പങ്കുചേർന്നു. കലാശക്കൊട്ടിന് ഹരം പകര്‍ന്ന് നടന്‍ ധർമ്മജൻ ബോൾഗാട്ടി, കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശൻ, പി ടി തോമസ്, കെ വി തോമസ് തുടങ്ങിയവരും പങ്കെടുത്തു.
മധ്യകേരളത്തെ ആവേശത്തിലാഴ്ത്തി കൊട്ടിക്കലാശം - മധ്യ കേരളം
കൊച്ചി പാലാരിവട്ടത്തും ആലത്തൂരും സംഘര്‍ഷമുണ്ടായത് പ്രചാരണസമാപനത്തെ കാര്യമായി ബാധിച്ചു.
![മധ്യകേരളത്തെ ആവേശത്തിലാഴ്ത്തി കൊട്ടിക്കലാശം](https://etvbharatimages.akamaized.net/etvbharat/images/768-512-3069203-thumbnail-3x2-election.jpg)
അക്ഷരനഗരിയായ കോട്ടയവും കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിലായിരുന്നു. നഗരത്തില്‍ ആദ്യമെത്തിയത് എന്‍ഡിഎ പ്രവര്‍ത്തകരായിരുന്നു. വൈകാതെ തന്നെ എൽ ഡി എഫ് പ്രവർത്തകരും നിരത്തിലേക്കെത്തി. എന്നാല്‍ കെ എം മാണിയുടെ മരണത്തെ തുടർന്ന് വിപുലമായ പരിപാടികൾ ഒഴിവാക്കിയായിരുന്നു യുഡിഎഫിന്‍റെ കാലാശക്കൊട്ട്. കലക്ടറേറ്റ് പടിക്കൽ നിന്നാരംഭിച്ച പ്രകടനം ബേക്കർ ജംഗ്ഷനിൽ സമാപിക്കുകയായിരുന്നു. അതേ സമയം കൊച്ചി പാലാരിവട്ടത്ത് നടന്ന എസ്ഡിപിഐ-സിപിഎം സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആലത്തൂരിലുണ്ടായ കല്ലേറില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് പരിക്കേറ്റു. പരിക്കേറ്റ രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.