ചാലക്കുടി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ ചാലക്കുടി മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. ഇടതുമുന്നണി സ്ഥാനാർഥിയും മുന്‍ എംപിയുമായ ഇന്നസെന്‍റിനെ പരാജയപ്പെടുത്തിയാണ് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹന്നാന്‍ വിജയക്കൊടി പാറിച്ചത്. കോൺഗ്രസ് ശക്തികേന്ദ്രമായ മണ്ഡലം തിരിച്ചു പിടിക്കാൻ രംഗത്തിറക്കിയ യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാനെ ചാലക്കുടിയിലെ ജനങ്ങൾ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും എക്സിറ്റ് പോൾ ഫലങ്ങളിലും മുന്നിട്ട് നിന്ന ബെന്നി ബെഹന്നാന്‍ കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ചാലക്കുടി തിരിച്ചു പിടിച്ച് ബെന്നി ബെഹന്നാന്‍ - ഇന്നസെന്‍റ്
മുന്‍ എംപിയും നടനുമായ ഇന്നസെന്‍റിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാന്‍റെ വിജയം.
മുമ്പ് മുകുന്ദപുരം മണ്ഡലം കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയമണ്ഡലമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മുകുന്ദപുരം മാറി ചാലക്കുടി ആയപ്പോഴും സ്ഥിതി വ്യത്യസ്ഥമായില്ല. എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട്, തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നീ മണ്ഡലങ്ങൾ ചേർന്നാണ് ചാലക്കുടി ലോക്സഭാ മണ്ഡലം രൂപീകരിച്ചത്. ഇതോടെ കോൺഗ്രസിന് ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയുന്ന മണ്ഡലം എന്ന് വിലയിരുത്തപ്പെട്ടു.
കോൺഗ്രസിന് നഷ്ടപ്പെട്ട ഉരുക്കുകോട്ട തിരിച്ചുപിടിക്കുക എന്നത് അഭിമാന പോരാട്ടം കൂടിയായിരുന്നു. താരപ്രഭയും കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളും മുതലെടുത്ത് ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്‍റ് നേടിയ 2014 ലെ വിജയം ഇടതുമുന്നണിയെ പോലും ഞെട്ടിച്ചിരുന്നു. ബെന്നി ബെഹന്നാന്‍റെ മികച്ച വിജയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനുള്ള മധുരമായ പകരം വീട്ടൽ കൂടിയാണ്. 80 ശതമാനത്തിലധികം രേഖപ്പെടുത്തിയ ഉയർന്ന പോളിങ് ശതമാനം കോൺഗ്രസിനെ തുണക്കുകയായിരുന്നു. മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനും താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് സിപിഎം ചിഹ്നത്തിൽ ജനവിധി നേടിയ ഇന്നസെന്‍റിനും എതിരെ മികച്ച രാഷ്ട്രീയവിജയം തന്നെയാണ് ബെന്നി ബെഹന്നാന്‍ നേടിയത്.