ലക്നൗ: ഒന്നാം തരം അഴിമതിക്കാരനായാണ് നിങ്ങളുടെ അച്ഛന്‍റെ ജീവിതം അവസാനിച്ചതെന്ന് രാഹുല്‍ഗാന്ധിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിക്കെതിരെ രാഹുല്‍ നടത്തിയ അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയെന്ന നിലയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍. "സ്തുതിപാഠകര്‍ നിങ്ങളുടെ അച്ഛനെ വിളിക്കുന്നത് മിസ്റ്റര്‍ ക്ളീന്‍ എന്നാണെങ്കിലും ഒന്നാംതരം അഴിമതിക്കാരനായാണ് അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത് "- മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഒന്നാം തരം അഴിമതിക്കാരനായാണ് നിങ്ങളുടെ അച്ഛന്‍റെ ജീവിതം അവസാനിച്ചത് "- രാഹുലിന് മറുപടിയുമായി നരേന്ദ്ര മോദി - പ്രധാനമന്ത്രി നരേന്ദ്രമോദി
രാജീവ് ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
1980 ലെ രാജീവിന്‍റെ ഭരണകാലത്തുണ്ടായിരുന്ന ബോഫോഴ്സ് കേസിനെ കുറിച്ചായിരുന്നു മോദിയുടെ ആരോപണങ്ങള്‍. ബോഫോഴ്സ് തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും അന്നത്തെ പ്രധാനമന്ത്രി കൈക്കൂലി വാങ്ങിയെന്നായിരുന്നു രാജീവിനെതിരെ നിലനിന്നിരുന്ന കേസ്. എന്നാല്‍ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു.
തന്നെ വില കുറച്ചു കാട്ടാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നതെന്നും അസ്ഥിരവും ദുര്‍ബലവുമായ സര്‍ക്കാരുണ്ടാക്കാനാണ് ഇത്തരം ആളുകള്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. രാഹുല്‍ഗാന്ധിയെ പോലെ വായില്‍ സ്വര്‍ണ കരണ്ടിയുമായി ജനിച്ചവനല്ല താനെന്നും മോദി കൂട്ടിച്ചേര്‍ത്തു.