ന്യൂഡല്‍ഹി:ആറാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. നാളെ നിശ്ശബ്ദ പ്രചാരണം. രാജ്യതലസ്ഥാനമടക്കമുള്ള 59 ലോക്സഭാ മണ്ഡലങ്ങളില്‍ മെയ് 12ന് ജനം വിധിയെഴുതും. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുക. കേന്ദ്ര മന്ത്രി മനേകാ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് തുടങ്ങി 968 സ്ഥാനാര്‍ഥികള്‍ ഏഴു സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലായി മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 59 ല്‍ 44 മണ്ഡലങ്ങളിലും വിജയം ബി ജെ പിക്ക് ഒപ്പമായിരുന്നു.
ആറാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു - ദിഗ് വിജയ് സിങ്
രാജ്യതലസ്ഥാനമടക്കമുള്ള 59 ലോക്സഭാ മണ്ഡലങ്ങളില്‍ മറ്റന്നാള്‍ വോട്ടെടുപ്പ്
കഴിഞ്ഞ തവണ വരുണ്‍ ഗാന്ധി മത്സരിച്ചിരുന്ന ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തിലാണ് ഇത്തവണ വരുണിന്‍റെ അമ്മ കൂടിയായ മനേകാ ഗാന്ധി ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. നിലവില്‍ മുലായം സിങ് യാദവ് പ്രതിനിധീകരിക്കുന്ന അസംഗര്‍ മണ്ഡലത്തിലാണ് മകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവ് മത്സരിക്കുന്നത്.
ദിഗ് വിജയ് സിങ് മത്സരിക്കുന്ന ഭോപ്പാല്‍ അടക്കം എട്ടു മണ്ഡലങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ഇത്തവണ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ബി ജെ പി തൂത്തുവാരിയ ഡല്‍ഹിയിലെ 7 സീറ്റുകളില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി തുടങ്ങിയ മണ്ഡലങ്ങളില്‍ ദേശീയശ്രദ്ധ ആകര്‍ഷിക്കുന്ന മത്സരമായിരിക്കും നടക്കാന്‍ പോകുന്നത്. അവസാന ഘട്ട തെരഞ്ഞെടുപ്പ് മെയ് 19ന് നടക്കും. മെയ് 23 നാണ് ഫലപ്രഖ്യാപനം.