കോഴിക്കോട്: 'ഒരു കൂട്ടർ നക്കി കൊന്നു... മറു കൂട്ടർ ഞെക്കി കൊല്ലുന്നു..' യുഡിഎഫിൽ രക്ഷയില്ലാതെ എൽഡിഎഫിലേക്ക് തിരിച്ചെത്തി അഭയം പ്രാപിച്ച എൽജെഡിക്ക് എല്‍ഡിഎഫ് നൽകിയ സീറ്റിന്‍റെ എണ്ണം കണ്ട് ആ പാർട്ടിയിലെ ഒരു യുവ നേതാവ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചിട്ടതാണിത്.
സത്യത്തിൽ എന്താണ് രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്.. അതും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ. ഈ മഹാരാജ്യത്തിന്‍റെ 'ദേശസ്നേഹികൾ' എന്ന് വിളിപ്പേരുണ്ടായിരുന്നത് ജനതാ പാർട്ടികൾക്കായിരുന്നു. അടിയന്തരാവസ്ഥയെ എതിർത്തിരുന്ന വിവിധ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ജെഎൻപി എന്ന ചുരുക്കം വെറും ചുരുണ്ട് കൂടി ഇരുന്നവരുടേതല്ല. 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് ഇതര സർക്കാർ രൂപീകരിച്ച പാർട്ടി. വിവിധ ഘട്ടങ്ങളായി ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം ശക്തി പ്രാപിച്ച് രൂപീകൃതമായ പ്രസ്ഥാനവും 'കലപ്പയേന്തിയ കർഷകൻ' എന്ന ചിഹ്നവും ഇന്ത്യയുടെ ഭാഗധേയം നിർണയിച്ച് നേർവഴിയിലേക്ക് ഉഴുത് കയറിയ കാലമായിരുന്നു അത്.
ആചാര്യ നരേന്ദ്ര ദേവയിൽ തുടങ്ങി ജയപ്രകാശ് നാരായണനും റാം മനോഹർ ലോഹ്യയും നേതൃത്വം നൽകിയ പ്രസ്ഥാനം. അധികാര രാഷ്ട്രീയത്തിൽ നേർവഴിയിൽ നിന്ന് വ്യതിചലിക്കുന്നവർക്കെതിരെ ഒരു താക്കീതായിരുന്ന ജനതാ പാർട്ടികളുടെ ആർജ്ജവം, പുതു സമരവേദികൾക്കും ആവേശമായിട്ടുണ്ട്, ഇപ്പോൾ തുടരുന്ന കർഷക സമരത്തിനടക്കം. എന്നാൽ അധികാര രാഷ്ട്രീയത്തിൽ കയറിയതിന് പിന്നാലെ രൂപപ്പെട്ട അന്ത:ച്ഛിദ്രം അന്നു മുതൽ ഇന്നു വരെ 'ജനത'കളെ വേട്ടയാടി. 'അരണയെ തിന്ന പൂച്ച'യെ പോലെ അവർ ശോഷിച്ചു. അതിനിടയിൽ ജനതാ പാർട്ടി എന്ന പേര് സുബ്രഹ്മണ്യൻ സ്വാമി നിലനിർത്തിയിട്ടും കാര്യമുണ്ടായില്ല. പിളർന്നും ലയിച്ചും അവർ പോരടിച്ചു കൊണ്ടേയിരുന്നു. കേരളത്തിലേക്ക് വന്നാൽ ജനതാദൾ എന്നൊന്ന് നിലവില്ല. അധികാര കസേരക്ക് വേണ്ടി പോരടിച്ചവർ കഷണം കഷണമായി ഇപ്പോൾ പല പേരിലാണ് അറിയപ്പെടുന്നത്. അവരില്‍ പ്രധാനികളാണ് ജെഡിഎസും എൽജെഡിയും. ജനതാദൾ എസ് നടുമുറിഞ്ഞപ്പോൾ ആദ്യമുണ്ടായത് ജെഡിയു ആണ്. ബിഹാറില്‍ നിതീഷ് കുമാറിന്‍റെ പ്രബല നേതൃത്വം. നരേന്ദ്ര മോദിക്കെതിരെ കേന്ദ്രത്തിൽ ഒരു കൂട്ടായ്മയുടെ നേതാവാകുമെന്ന് കരുതിയ നിതീഷ് അതേ പാളയത്തിലേക്ക് തന്നെ ചേക്കേറി. അതോടെ ജനതാ പാരമ്പര്യം 'മുറുകെ' പിടിക്കുന്ന കേരള ഘടകം ദേശീയ ബദലായ എൽജെഡിക്കൊപ്പമായി. എംപി വീരേന്ദ്രകുമാർ എടുത്ത ധീരമായ തീരുമാനം. ലോക്സഭയിലേക്ക് കോഴിക്കോട് സീറ്റ് സിപിഎം വെട്ടിയതിന്‍റെ പേരിലാണ് വീരനും കൂട്ടരും യുഡിഎഫിലേക്ക് എത്തിയത്. പേര് ജെഡിയു, അമ്പ് ചിഹ്നമാക്കി നിയമസഭയിലേക്ക് എത്തി. കെപി മോഹനൻ പാർട്ടിയുടെ മന്ത്രിയായി.
വീരൻ കളം മാറ്റിയപ്പോൾ എൽഡിഎഫിനൊപ്പം ഉറച്ച് നിന്ന മാത്യു ടി തോമസിന് അർഹമായ സീറ്റുകൾ അന്നും കൊടുത്തു എൽഡിഎഫ്. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പച്ച തൊട്ടില്ല ജെഡിയു. ശ്രയാംസ് കുമാർ അടക്കം മത്സരിച്ച ഏഴ് പേർക്കും സമ്പൂർണ്ണ തോൽവി. ജെഡിയു സ്ഥാനാർഥികൾക്കെതിരെ അനുയോജ്യരായവരെ നിർത്താൻ സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രത്യേക കൗശലം കാണിച്ചിരുന്നു. എൽഡിഎഫിൽ ആയിരുന്ന ജെഡിഎസ് മത്സരിച്ച അഞ്ചിൽ മൂന്നും ജയിക്കുകയും ചെയ്തു, മാത്യു ടി തോമസ് മന്ത്രിയുമായി. പിന്നീട് കെ കൃഷ്ണൻകുട്ടി മന്ത്രിയായി. യുഡിഎഫിൽ ഇരിക്കെ കനത്ത തോൽവി ഏറ്റുവാങ്ങിയ വീരൻ വിഭാഗം അസ്വസ്തരായി. ലോക്സഭയിലേക്ക് പാലക്കാട്ട് വീരേന്ദ്രകുമാറിന്‍റെ തോൽവി കോൺഗ്രസ് കാലുവാരിയതുകൊണ്ടാണെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ എതിർപ്പ് പരസ്യമായി. ബന്ധശത്രുക്കളായ പിണറായി വിജയനും വീരേന്ദ്രകുമാറും വേദി പങ്കിട്ടതോടെ മഞ്ഞുരുകി. വൈകാതെ വീരനും സംഘവും ഇടത് പക്ഷത്തെത്തി. എന്നാൽ ഇനിയും പഠിക്കാൻ ഈ വിഭാഗങ്ങൾ തയ്യാറാകുന്നില്ല എന്നിടത്താണ് 'ജനത'കളുടെ അവസ്ഥ നിരാശാജനമാകുന്നത്.
അതൊരു "ജനത"യുടെ സ്വപ്‌നമായിരുന്നു: ഇന്ന് പിളർന്നില്ലാതാകുന്ന പാർട്ടി ഒരു മുന്നണിയിൽ രണ്ടായി ജീവിക്കുന്ന ഒരേ ചിന്താഗതിക്കാരുടെ ദുരവസ്ഥ. തെരഞ്ഞെടുപ്പിന് മുമ്പ് ഉയർന്ന് കേട്ടതായിരുന്നു ഇരുകൂട്ടരുടേയും ലയനം. എന്നാൽ ഇതിൽ ഏതാണ് കടൽ, ഏതാണ് പുഴ എന്ന കാര്യത്തിൽ ഒരു തീരുമാനം ആകാത്തത് കൊണ്ട് അത് നടന്നില്ല. ഒടുവിൽ ഇരുവർക്കും സീറ്റ് വീതം വെച്ച് കിട്ടി. കഴിഞ്ഞ തവണ അഞ്ചിൽ മത്സരിച്ച ജെഡിഎസിന് നാല്, യുഡിഎഫിൽ ഏഴിടത്ത് മത്സരിച്ച് ശ്രേയാംസിന്‍റെ ഗ്രൂപ്പിന് അതേ മുന്നണിയില്‍ മൂന്നും. ഒരുമിച്ച് നിന്ന് പോരാടിയിരുന്നെങ്കിൽ ഒരു സീറ്റെങ്കിലും അധികം നേടിയെടുക്കാമായിരുന്നു എന്ന് പറയുന്നവരാണ് നാട്ടില്‍ അധികവും. എന്നാൽ പിളരുന്തോറും നേതാവായി നടന്നവർക്ക് ഒന്നിച്ച് വളരാനല്ല നേരം, തളരാനാണ്. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ക്ഷയിച്ച് ക്ഷയിച്ച് ഈ അവസ്ഥയിൽ ആയതിൽ ഇതിൽ കൂടുതൽ എന്ത് പറയാൻ.