കണ്ണൂർ:ഹാട്രിക് വിജയം നേടാൻ യുഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് സണ്ണി ജോസഫും മണ്ഡലം തിരിച്ചു പിടിക്കാൻ പുതുമുഖമായ എൽഡിഎഫിലെ സക്കീർ ഹുസൈനും തമ്മിൽ കടുത്ത പോരാട്ടമാണ് പേരാവൂരിൽ നടക്കുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഭൂരിപക്ഷം വർധിപ്പിക്കുമെന്നാണ് സിറ്റിങ് എംഎൽഎ കൂടിയായ സണ്ണി ജോസഫ് വിശ്വസിക്കുന്നത്. എന്നാൽ പത്തു വർഷക്കാലത്തെ വികസനമുരടിപ്പും സർക്കാരിന്‍റെ ഭരണ മികവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
പേരാവൂർ പോരാട്ടം: ഹാട്രിക് നേടാനൊരുങ്ങി യുഡിഎഫ്; പുതുമുഖവുമായി എൽഡിഎഫ് - എൽഡിഎഫ് പ്രചാരണം
പത്തു വർഷത്തെ പ്രവർത്തനം യുഡിഎഫ് ആയുധമാക്കുമ്പോൾ വികസന മുരടിപ്പ് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 7989 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സണ്ണി ജോസഫ് പേരാവൂറിന്‍റെ എംഎൽഎ ആയി രണ്ടാമതും എത്തുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് സണ്ണി ജോസഫിനു പ്രതീക്ഷ നൽകുന്നത്. മികച്ച ഭൂരിപക്ഷത്തോടെ അദ്ദേഹം ഹാട്രിക് വിജയം നേടും എന്ന് പാർട്ടിയും ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ പേരാവൂർ പിടിച്ചെടുക്കാൻ നാട്ടുകാരനായ സക്കീർഹുസൈൻ എന്ന പുതുമുഖത്തെയാണ് എൽഡിഎഫ് കളത്തിൽ ഇറക്കിയിരിക്കുന്നത്. അത്ര എളുപ്പമല്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി യുഡിഎഫിന്‍റെ കൈയിലുണ്ടായിരുന്ന ആറളം, കണിച്ചാർ പഞ്ചായത്തുകൾ തിരിച്ചുപിടിച്ചതും ജില്ലാ പഞ്ചായത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തില്ലങ്കേരി ഡിവിഷനിൽ ചരിത്ര ഭൂരിപക്ഷം ലഭിച്ചതും പാർട്ടിക്ക് ആശ്വാസം നൽകുന്നുണ്ട്. ആവേശകരമായ സ്വീകരണമാണ് ഇരു മുന്നണികളുടെയും സ്ഥാനാർഥികൾക്ക് പ്രവർത്തകർ നൽകുന്നത്. അതുകൊണ്ട് തന്നെ പേരാവൂരിൽ മത്സരം തീപാറുമെന്നതിൽ സംശയമില്ല. അതേസമയം വോട്ട് ശതമാനം വർധിപ്പിക്കാൻ ബിജെപിയും ശക്തമായ പരിശ്രമത്തിലാണ്. സ്‌മിത ജയമോഹാണ് എൻഡിഎ സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിക്കുന്നത്.