ഭാരതപ്പുഴയും കുന്തിപ്പുഴയും അതിർത്തി പങ്കിടുന്ന പട്ടാമ്പി. പട്ടാമ്പി നഗരസഭയും കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പട്ടാമ്പി നിയമസഭാമണ്ഡലം. വലതിനെയും ഇടതിനേയും ഒരു പോലെ സ്‌നേഹിക്കുന്ന മനസാണ് പട്ടാമ്പിക്ക്. അതുകൊണ്ട് തന്നെ ഒരാളുടെയും കുത്തക മണ്ഡലാമെന്ന് പറയാൻ കഴിയാത്തൊരു മണ്ഡലം.
മണ്ഡലത്തിന്‍റെ ചരിത്രം
1957 മുതല്‍ 2016 വരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ സ്ഥാനാര്‍ഥികള്‍ ഏഴ് തവണയും സി.പി.എം സ്ഥാനാര്‍ഥികള്‍ രണ്ട് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അഞ്ചു തവണയും വിജയിച്ചിട്ടുണ്ട്. കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഇ.എം.എസ് പട്ടാമ്പിയില്‍ നിന്ന് മൂന്ന് തവണ വിജയിച്ചു നിയമസഭയില്‍ എത്തി. മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ.ഇ. ഇസ്മായില്‍ മൂന്ന് തവണ പട്ടാമ്പിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2001ല്‍ കെ.ഇ. ഇസ്മായിലിനെ തോല്‍പ്പിച്ചു മണ്ഡലം തിരിച്ചു പിടിച്ച കോണ്‍ഗ്രസിലെ സി.പി മുഹമ്മദ് 15 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി. മുഹമ്മദിനെ പരാജയപ്പെടുത്തി സിപിഐയുടെ യുവനേതാവായ മുഹമ്മദ് മുഹ്സിൻ മണ്ഡലം യുഡിഎഫിൽ നിന്ന് തിരിച്ചു പിടിച്ചു.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
ഇടതുപക്ഷത്തെയും കോൺഗ്രസിനെയും ഒരുപോലെ സ്നേഹിക്കുന്ന പട്ടാമ്പി മണ്ഡലത്തില്‍ 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഇപി ഗോപാലൻ ജയിച്ചു. 1960ലും 1967ലും 1970ലും ഇ.എം.എസ് നമ്പൂതിരിപ്പാട് പട്ടാമ്പിയുടെ എംഎൽഎ ആയി. 1960-ൽ സിപിഐ എംഎൽഎ ആയിട്ടാണ് ഇ.എം.എസ് നിയമസഭയിൽ എത്തിയത്. കമ്മ്യൂണിസ്‌റ്റ് പാർട്ടി പിളർന്നപ്പോൾ 1967 -ൽ ഇഎംഎസ് സിപിഎം സ്ഥാനാർഥിയായി. 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥി ഇപി ഗോപാലനെ വീണ്ടും പട്ടാമ്പി നിയസഭയിലെത്തിച്ചു. 1980ൽ നടന്ന തെരഞ്ഞെടുപ്പിൽ എംപി ഗംഗാധരനിലൂടെ കോൺഗ്രസ് മണ്ഡലത്തിൽ മൂവർണ കൊടി പാറിച്ചു. എന്നാൽ 1982-ൽ നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം വീണ്ടും ചുവന്നു. സിപിഐയുടെ കെ.ഇ. ഇസ്മായിൽ പട്ടാമ്പിയിൽ നിന്ന് ആദ്യമായി നിയമസഭയിൽ എത്തി. 1987-ൽ ലീല ദാമോദരനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 1991ല്‍ മണ്ഡലം കെ.ഇ.ഇസ്മായിലിലൂടെ മണ്ഡലം വീണ്ടും ചുവപ്പണിഞ്ഞു. 1996ലും കെ.ഇ.ഇസ്മായിൽ മണ്ഡലം നിലനിർത്തി. 2001-ൽ സി.പി മുഹമ്മദിലൂടെ പട്ടാമ്പിയിൽ വീണ്ടും മൂവർണ കൊടി പാറി. 2006ലും 2011ലും സി.പി മുഹമ്മദ് തന്നെയായിരുന്നു പട്ടാമ്പിയുടെ എംഎൽഎ. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ എഐഎസ്എഫിന്‍റെ ദേശീയ നേതാവും ജെ.എൻ.യു സമരങ്ങളിലെ മുൻനിര പോരാളിയുമായ പി.മുഹമ്മദ് മുഹ്‌സിനിലൂടെ 15 വർഷങ്ങൾക്ക് ശേഷം മണ്ഡലം ഇടതുമുന്നണി തിരിച്ചുപിടിച്ചു. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 1,30,5464 വോട്ടർമാരാണ് മണ്ഡലത്തിലുളളത്. 88489 പുരുഷൻമാരും 90419 സ്‌ത്രീകളും ആറ് ട്രാൻസ്ജെൻഡേഴ്സും ഉണ്ട്.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പ്
76.65 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 117818 പേർ വോട്ടുചെയ്തു. 12,475 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റെ സി.പി മുഹമ്മദ് സിപിഐയുടെ കെ.പി സുരേഷ് രാജിനെ തോൽപിച്ചു. 2011-ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി മുഹമ്മദിന് 57228 (49%) വോട്ടും സിപിഐയുടെ കെ.പി സുരേഷ് രാജിന് 45253 (38.41%) ബിജെപി സ്ഥാനാർഥി പി.ബാബുവിന് 8860 (7.53%) വോട്ടും ലഭിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് 2016
77.90 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 140119 പേർ വോട്ടുകൾ രേഖപ്പെടുത്തി. 7,404 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റെ സി.പി മുഹമ്മദിനെ അട്ടിമറിച്ച് സിപിഐയുടെ പി. മുഹമ്മദ് മുഹ്സിൻ മണ്ഡലം തിരിച്ചു പിടിച്ചു. തെരഞ്ഞെടുപ്പിൽ പി. മുഹമ്മദ് മുഹ്‌സിന് 64025 (45.69%) വോട്ടും, സി.പി മുഹമ്മദിന് 56621 (40.41%) വോട്ടും ബിജെപി സ്ഥാനാർഥി പി മനോജിന് 14824 (10.58%) വോട്ടും ലഭിച്ചു.
പട്ടാമ്പി നിയോജക മണ്ഡലത്തിലെ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം