വയനാട്: കഴിഞ്ഞ യു.ഡി.എഫ് സർക്കാർ തുടങ്ങിയ പല ക്ഷേമ പദ്ധതികളും ഇപ്പോഴത്തെ സർക്കാർ അട്ടിമറിച്ചുവെന്ന് ഉമ്മൻ ചാണ്ടി. ആരോഗ്യ രംഗത്തെ പല പദ്ധതികളും സർക്കാരിന്‍റെ അനാസ്ഥ കാരണം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം വയനാട്ടിൽ പറഞ്ഞു.
യു.ഡി.എഫിന്‍റെ ക്ഷേമ പദ്ധതികൾ എല്‍.ഡി.എഫ് അട്ടിമറിച്ചുവെന്ന് ഉമ്മൻ ചാണ്ടി
ആരോഗ്യ രംഗത്തെ പല പദ്ധതികളും സർക്കാരിന്‍റെ അനാസ്ഥ കാരണം നടപ്പാകാൻ കഴിഞ്ഞിട്ടില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
കൽപ്പറ്റയിലെ യു.ഡി.എഫ് സ്ഥാനാർഥി ടി.സിദ്ദിഖിന്‍റെ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സർക്കാർ വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അഞ്ച് വർഷം കഴിഞ്ഞിട്ടും വയനാട് മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങാത്തത് ദുഃഖകരമാണെന്നും വയനാട്ടിലെ കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിന്‍റെ ഭാഗത്ത് ഗുരുതര അനാസ്ഥയാണ് ഉളളതെന്നും അദ്ദേഹം കുറ്റപെടുത്തി.
ബഫർ സോൺ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാരിനെ വേണ്ട രീതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിനായില്ല. എല്ലാ കാർഷികോൽപ്പന്നങ്ങളുടെയും താങ്ങുവില കൂട്ടാനും സംഭരണം കാര്യക്ഷമമാക്കാനും സർക്കാരിന് കഴിഞ്ഞില്ല എന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.