മലപ്പുറം: നിലമ്പൂരിലെ പരസ്യ പ്രചാരണം അവസാനിച്ചു. വിജയപ്രതീക്ഷയിലാണ് മുന്നണികൾ. ഇനി നിശബ്ദ പ്രചരണമാണ്. മൂന്നര പതിറ്റാണ്ടിന് ശേഷം പിടിച്ചെടുത്ത മണ്ഡലം നിര്‍നിര്‍ത്താന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി വി അന്‍വറും തിരിച്ചുചിടിക്കാന്‍ യു.ഡി.എഫിലെ വി വി പ്രകാശും വോട്ട് വിഹിതം കൂട്ടാൻ എൻ.ഡി.എ സ്ഥാനാർഥി അശോക് കുമാറും ശ്രമിക്കുമ്പോൾ നിലമ്പൂരിന്‍റെ ജനഹിതം പ്രവചനാതീതമാവുകയാണ്. ആവേശം നിറഞ്ഞ കൊട്ടിക്കലാശമാണ് ഇന്നലെ നിലമ്പൂർ കണ്ടത്.
സര്‍ക്കാറിന്‍റെയും എം എല്‍ എയുടെയും വികസന നേട്ടങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും ഉയര്‍ത്തികാട്ടിയുള്ള പ്രചരണമാണ് എല്‍ ഡി എഫിന്‍റെ പ്രതീക്ഷ വർധിപ്പിക്കുന്നത്. എന്നാല്‍ എംഎല്‍എക്കെതിരെയുള്ള വിവാദങ്ങൾ മുഖ്യ പ്രചാരണ വിഷയമാക്കിയതിലൂടെ വിജയം സുനിശ്ചിതമാണെന്നാണ് യു ഡി എഫ് ക്യാമ്പ് കണക്ക് കൂട്ടുന്നത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച അറുപതിനായരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷവും യു ഡി എഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയം പി വി അന്‍വര്‍ നാട്ടിലില്ലായിരുന്നു. എം എല്‍ എ വിദേശത്ത് നിന്ന് എത്തിയ ശേഷമാണ് പ്രചാരണം തുടങ്ങിയത്. സീറ്റ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഏറെ അനിശ്ചിതത്വം നിലനിന്നതിനാല്‍ പത്രികാ സമര്‍പ്പണം തുടങ്ങിയ ശേഷം മാത്രം കളത്തിലിറങ്ങിയ വി വി പ്രകാശ് ആദ്യഘട്ടത്തില്‍ കിതച്ചെങ്കിലും അവസാനഘട്ടത്തോടെ ഒപ്പതിനൊപ്പമെത്തി.
രാഹുല്‍ഗാന്ധിയടക്കമുള്ള ദേശീയ- സംസ്ഥാന നേതാക്കളെ പ്രചരണത്തിലെത്തിക്കാനയതും യു ഡി എഫ് ക്യാമ്പിന് ആവേശം പകര്‍ന്നിട്ടുണ്ട്. നിലമ്പൂരില്‍ രാഹുല്‍ഗാന്ധി നടത്തിയ റോഡ് ഷോ യു ഡി എഫ് പ്രവർത്തകർക്ക് ആവേശം നൽകിയിട്ടുണ്ട്. എന്നാൽ അന്‍വര്‍ നടത്തിയ റോഡ് ഷോയിലെ വലിയ ജനപങ്കാളിത്തം വിജയം സുനിശ്ചിതാണെന്നതിന്‍റെ തെളിവാണെന്ന് എല്‍ ഡി എഫും പറയുന്നു.
അതേ സമയം നാല് പതിറ്റാണ്ടിനിടെ ആര്യാടന്‍മാരില്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണ നിലമ്പൂരില്‍ നടക്കുന്നത്. ആര്യാടന്‍ മുഹമ്മദ് മാറി നിന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് രംഗത്തെത്തിയെങ്കിലും പരാജയപെടുകയായിരുന്നു. എന്നാല്‍ ഇത്തവണ സീറ്റ് ലഭിക്കാനായി അവസാനഘട്ടംവരെ പൊരുതി പിന്‍മാറിയ ഷൗക്കത്ത് ഇപ്പോള്‍ ഡി സി സിയുടെ താത്കാലിക പ്രസിഡന്‍റാണ്. പ്രചാരണ പൊതുയോഗങ്ങളില്‍ ആര്യടന്‍റെ സാന്നിധ്യം യു ഡി എഫ് അണികള്‍ക്ക് ആത്മ വിശ്വാസം പകരുന്നു.
സംസ്ഥാനത്ത് തന്നെ ഇരുമുന്നണികളും പരസ്പരം ബിജെപി ബന്ധം ചര്‍ചയാക്കുന്ന തെരഞ്ഞെടുപ്പില്‍ നിലമ്പൂരും ബി ജെ പിക്ക് നിര്‍ണായകമാണ്. കഴിഞ്ഞ തവണ ബി ഡി ജെ എസിന്‍റെ ഗിരീഷ് മേക്കാട് നേടിയ 12284 വോട്ട് നേടാനായില്ലെങ്കില്‍ ബിജെപി സ്ഥാനാര്‍ഥി അശോക് കുമാറും നേതൃത്വത്തിന്‍റെ പഴി കേള്‍ക്കേണ്ടി വരും. യു ഡി എഫ് - ബി ജെ പി കൂട്ടുകെട്ടുണ്ടെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആവര്‍ത്തിക്കുന്നതിനിടെ വോട്ട് പരമാവധി ലഭ്യമാക്കി ആരോപണത്തിന്‍റെ മുനയൊടിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി സ്ഥാനാര്‍ഥി അശോക് കുമാര്‍. ചിട്ടയായ പ്രചരണമാണ് മണ്ഡലത്തില്‍ ബി ജെ പി നടത്തുന്നത്. കഴിഞ്ഞ തവണ 4751 വോട്ട് നേടിയ എസ് ഡി പിഐയും വോട്ട് വിഹിതം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. ചെറുകക്ഷികളുടെ വോട്ട് കുറയുന്നതും കൂടുന്നതും ഇരുമുന്നണികളേയും ബാധിക്കുന്നതിനാല്‍ ആരോപണങ്ങള്‍ക്കപ്പുറം വോട്ട് ചോര്‍ച്ച സൃഷ്ടിക്കാന്‍ സ്ഥാനാര്‍ഥികള്‍ അടവുകള്‍ പുറത്തെടുക്കുന്നുമുണ്ട്.