തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തില്‍ പുറത്തുവന്നത് മൂന്നിലധികം സർവേ ഫലങ്ങളാണ്. പ്രധാന മാധ്യമങ്ങളും വിദഗ്ധ സർവേ ഏജൻസികളും ചേർന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രവചനം നടത്തിയത്. എല്ലാ സർവേഫലങ്ങളും ഇടതുമുന്നണി അധികാരം നിലനിർത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ആദ്യം വന്ന ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇടതുമുന്നണിയുടെ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നത് മാത്രമാണ് ആകെയുള്ള മാറ്റം. സർവേ ഫലങ്ങൾ കൂടി പരിഗണിച്ചാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതെന്നതും ശ്രദ്ധേയമാണ്. പക്ഷേ എല്ലാ സർവേ ഫലങ്ങളും തെറ്റാണെന്നും സർവേ നടത്തി തന്നെയും യുഡിഎഫിനെയും തകർക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.
പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങൾക്ക് ലഭിച്ച കോടികളുടെ പരസ്യത്തിനുള്ള പ്രത്യുപകാരമായാണ് മാധ്യമങ്ങൾ ഇടതു സർക്കാരിനെ പിന്തുണയ്ക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ, എല്‍ഡിഎഫ്, യുഡിഎഫ് പ്രകടന പത്രികകൾ പുറത്തുവന്ന സാഹചര്യത്തില്‍ എൻഡിഎയുടെ പ്രകടന പത്രികയ്ക്കായി കേരളം കാത്തിരിക്കുകയാണ്. തൊഴില്‍, കടം എടുക്കാതെയുള്ള വികസന പദ്ധതികൾ, വിശ്വാസ സംരക്ഷണം അടക്കമുള്ള വൻ വാഗ്‌ദാനങ്ങളാണ് എൻഡിഎ പ്രകടന പത്രികയില്‍ ഉണ്ടാകുക എന്നാണ് സൂചന.
ഇന്നലെ കേരളത്തില്‍ ഏറ്റവുമധികം ചർച്ചയായ നാമനിർദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതി ഇടപെടുന്നു. നാമനിർദ്ദേശ പത്രിക തള്ളിയ ഗുരുവായൂർ, തലശേരി മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഫല പ്രഖ്യാപനത്തിന് മുൻപ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോടതി ഇടപെടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. അതിനിടെ, എല്ലാ ഹർജികളും കോടതി ഇന്ന് പരിഗണിക്കും. അതേസമയം, തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയതിനെ തുടർന്നുള്ള ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്- മുസ്ലീം ലീഗ്-ബിജെപി സഖ്യമുണ്ടെന്ന ആരോപണവുമായി എല്‍ഡിഎഫ് നേതാക്കൾ ഇന്നും രംഗത്ത് എത്തി. നാമനിർദേശ പത്രിക തള്ളിയ സാഹചര്യത്തില്‍ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിക്കാനാണ് തീരുമാനമെന്ന് തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാർഥികളും ആരോപിച്ചു. എന്നാല്‍ ഇതേ ആരോപണം യുഡിഎഫും ഉയർത്തുന്നുണ്ട്. ബിജെപിയും സിപിഎമ്മും രഹസ്യ സഖ്യത്തിലാണെന്ന് യുഡിഎഫ് നേതാക്കൾ തിരിച്ചടിച്ചു. എന്നാല്‍ കേരളത്തിലെത്തിയ ബിജെപി ദേശീയ നേതാവ് മീനാക്ഷി ലേഖി ഈ ആരോപണം തള്ളി. സിപിഎമ്മുമായി ഒരുകാലത്തും സഖ്യത്തിലാകാൻ ബിജെപിക്ക് കഴിയില്ലെന്നാണ് മീനാക്ഷി ലേഖി പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാകുമ്പോൾ ശബരിമല വിഷയം വീണ്ടും ശക്തമാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ വിശ്വാസ സംരക്ഷണം മുൻനിർത്തിയാണ് ബിജെപിയുടെ പ്രചാരണം മുന്നോട്ടുപോകുന്നത്. നിയമസഭ തെരഞ്ഞെടുപ്പടുത്തതോടെ ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശബരിമലയെ വീണ്ടും അപമാനിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.