കോഴിക്കോട്: വടകരയില്‍ നിന്ന് നാദാപുരം വഴി കുറ്റ്യാടിയിലൂടെ നീളുന്ന രാഷ്ട്രീയ ഭൂമികയ്ക്ക് ചെങ്കൊടിയുടെ ചരിത്രം ഏറെ പറയാനുണ്ട്. ചെങ്കൊടിയും ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നവും കടത്തനാടൻ മണ്ണിന്‍റെ വൈകാരികതയില്‍ അലിഞ്ഞു ചേർന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ വടകര മണ്ഡലം രൂപീകൃമായ കാലം തൊട്ടേ സോഷ്യലിസ്റ്റ് പാർട്ടികളുടേയും നാദാപുരം സിപിഐയുടെയും കൈവശമാണ്. പക്ഷേ ഇന്ന് സ്ഥിതി അതല്ല, അധികാര രാഷ്ട്രീയം, മുന്നണി രാഷ്ട്രീയത്തിന്‍റെ നയങ്ങൾക്കും നീക്കങ്ങൾക്കും അനുസരിച്ച് മാറുമ്പോൾ വിട്ടുവീഴ്‌ചകൾ വേണ്ടിവരും. അത്തരം രാഷ്ട്രീയ നീക്കങ്ങൾ വിട്ടുവീഴ്ചകൾ ഇതുവരെ സിപിഎം അണികൾക്കിടയിൽ വലിയ വിഷയമായിരുന്നില്ല, എന്നാൽ ഇന്നലെ വരെ മത്സരിച്ച കുറ്റ്യാടിയും ഘടകകക്ഷിക്ക് പോയതോടെ അമർഷം അതിര് കടന്നു.
പഴയ മേപ്പയ്യൂർ മാറി രൂപം കൊണ്ട മണ്ഡലമാണ് കുറ്റ്യാടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെത്തുടര്‍ന്ന് ഉടലെടുത്ത ആഭ്യന്തര പ്രശ്നങ്ങളും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണമാണ്. രണ്ട് വട്ടം എംഎല്‍എയായ കെകെ ലതികയ്ക്ക് മൂന്നാം വട്ടവും സീറ്റ് നല്‍കുന്നതിനു പകരം കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ പരിഗണിക്കണമെന്നതായിരുന്നു താഴെത്തട്ടിലെ അഭിപ്രായം. എന്നാല്‍ നേതൃത്വം ഈ തീരുമാനത്തിന് വഴങ്ങിയില്ല. ഒടുവിൽ ഫലം വന്നപ്പോൾ നിലവിലെ ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യ കൂടിയായ കെ.കെ ലതിക 1157 വോട്ടിന് കഴിഞ്ഞ തവണ തോറ്റു. ലതികയുടെ തോല്‍വിക്കു കാരണക്കാരായ കുറ്റ്യാടിയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് കണക്കുതീര്‍ക്കാനെന്ന നിലയിലാണ് ജില്ലാ നേതൃത്വം ഈ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്ന് ഇപ്പോൾ ഉയരുന്ന ആരോപണവും ചർച്ചയും.