നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചിമ ബംഗാൾ ചില പുതിയ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.
ഒരു പ്രത്യേക രീതിയില്‍ പോസ് ചെയ്ത്, ഒരു പ്രത്യേക മതത്തെ ദ്യോതിപ്പിക്കുന്ന വിധത്തില്‍ നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് മേധാവി മമതാ ബാനര്‍ജിയുടെ പോസ്റ്ററുകളും പരസ്യങ്ങളുമൊക്കെ കഴിഞ്ഞ 10 വര്‍ഷമായി ബംഗാളിലെ പതിവ് കാഴ്ചകളാണ്. എന്നാല്‍ ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നുള്ള മന്ത്രങ്ങളും പ്രാര്‍ത്ഥനകളുമൊക്കെ ചൊല്ലുന്ന ഒരു മമതാ ബാനര്‍ജിയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രതീക്ഷിക്കാമോ? അതും അവര്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന ഒരു മണ്ഡലത്തിലെ പ്രചാരണ വേളയില്‍. ഈ അടുത്ത കാലത്തൊന്നും ആളുകളുടെ മനസ്സില്‍ അത്തരം ഒരു കാഴ്ച കണ്ടതായി ഓര്‍മ്മയില്ല.
അതേസമയം മറുവശത്ത് പ്രചാരണ വേദികള്‍ക്കരികിലുള്ള ഏത് ക്ഷേത്രങ്ങളിലായാലും അവിടെയൊന്ന് കയറി വണങ്ങാതെ ഒരു ബിജെപി നേതാവിന് മടങ്ങാന്‍ കഴിയില്ല. അത് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദയായാലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയാലും ശരി. കാവി സംഘത്തില്‍ ഈ അടുത്തിടെ മാത്രം അണി ചേര്‍ന്ന മിഥുന്‍ ചക്രബര്‍ത്തി പോലും കൊല്‍ക്കത്തയിലെ തന്‍റെ കസിന്‍ സഹോദരന്‍റെ വീടിനടുത്തുള്ള ഒരു കാളീക്ഷേത്രത്തിനു മുന്നില്‍ ഇരിക്കുന്നത് കാണാന്‍ കഴിഞ്ഞു. ഓരോ ദിവസവും താന്‍ എങ്ങനെയാണ് മന്ത്രങ്ങള്‍ ഉരുവിടാറുള്ളതെന്നും പ്രാര്‍ത്ഥനകള്‍ ചൊല്ലാറുള്ളതെന്നും അദ്ദേഹം അവിടെ ഇരുന്ന് വിവരിക്കുന്നതും കാണാന്‍ കഴിഞ്ഞു.
2021-ലെ വേനല്‍ക്കാലം. പെട്ടെന്ന് ബംഗാളിലെ ഓരോ രാഷ്ട്രീയക്കാരെയും തെരഞ്ഞെടുപ്പ് പ്രചാരണ വേളകള്‍ ക്ഷേത്രങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. ബംഗാളില്‍ മതധ്രുവീകരനം അതിശക്തമാം വിധം വേരുപിടിച്ചു കഴിഞ്ഞോ? അത് മമതാ ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയായി മാറി കഴിഞ്ഞോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ മമതാ ബാനര്‍ജിയിലേക്ക് തന്ന ഒന്നു തിരിഞ്ഞു നോക്കിയാല്‍ മതി. ഒരു “70-30 ഫോര്‍മുല” തന്‍റെ പ്രചാരണ വേളകളില്‍ മമത ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് ബിജെപിയുടെ സുവേന്ദു അധികാരിക്കും സിപിഐ എംന്‍റെ മീനാക്ഷി മുഖര്‍ജിക്കുമെതിരെ അവര്‍ പോരാടുന്ന നന്ദിഗ്രാമില്‍.
ബിജെപിയുടെ സുവേന്ദു അധികാരി നന്ദിഗ്രാമില്‍ 62000 പേര്‍ 2.13 ലക്ഷം പേര്‍ക്കെതിരെ പോരാടുന്നു എന്ന സമവാക്യം വിളിച്ചു പറയുന്നതില്‍ ഇത് കൂടുതല്‍ വ്യക്തമായി തെളിഞ്ഞു കാണാം. സുവേന്ദു അധികാരി ഒരിക്കല്‍ പോലും ഏതെങ്കിലും ഒരു മതത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. പക്ഷെ ബംഗാളിലെ ഈ മുഖ്യ ആകര്‍ഷക കേന്ദ്രമായ മണ്ഡലത്തിലെ ജനസംഖ്യാ ഘടന വ്യക്തമായി പരിശോധിക്കുന്ന ആര്‍ക്കും തന്നെ അദ്ദേഹം സൂചിപ്പിക്കുന്നതെന്താണെന്ന് മനസ്സിലാകും. നന്ദിഗ്രാമില്‍ ഏതാണ്ട് 62000 മുസ്ലീം ന്യൂനപക്ഷ സമുദായക്കാരാണ് ഉള്ളത്. 2.13 ലക്ഷം ഹിന്ദുക്കളാണ് ഈ മണ്ഡലത്തിലുള്ളത്. അതിനാല്‍ മമതയുടേയും സുവേന്ദു അധികാരിയുടേയും സമവാക്യങ്ങളും സൂചനകളുമൊക്കെ നമുക്ക് വളരെ അധികം തെളിഞ്ഞു കാണാവുന്നതാണ്. മതധ്രുവീകരണത്തിന്‍റെ വേരുകള്‍ നന്ദിഗ്രാമിലും സംസ്ഥാനത്തിന്‍റെ വിവിധ കോണുകളിലുമൊക്കെ ക്രമേണ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്.
നന്ദിഗ്രാമിലെ പൂര്‍ബ മെഥിനിപൂര്‍ (കിഴക്കന്‍ മെഥിനിപൂര്‍) എന്ന മേഖലയില്‍ ഛണ്ഡീ മന്ത്രം അല്ലെങ്കില്‍ ഹൈന്ദവ വിശുദ്ധ മന്ത്രങ്ങള്‍ പ്രതിധ്വനിച്ചു കൊണ്ടേയിരിക്കുന്നു. മാത്രമല്ല, ഇതാദ്യമായാണ് നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ മുഖ്യ പാര്‍ട്ടികളില്‍ മുസ്ലീം ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ മമതാ ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും സിപിഐഎംന്‍റെ മീനാക്ഷി മുഖര്‍ജിയുമൊക്കെ ഭൂരിപക്ഷ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ മുസ്ലീം മത ന്യൂനപക്ഷ വോട്ടുകളെ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ട് ഒരു വിജയം ഉറപ്പാക്കുവാന്‍ നന്ദിഗ്രാമില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് കഴിയുമോ? അതിനുള്ള ഉത്തരം നന്ദിഗ്രാമിലെ 27 ശതമാനം വരുന്ന മുസ്ലീം ജനസംഖ്യക്കുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും ഇരിപ്പാണ്.
മമതാ ബാനര്‍ജി മറ്റെവിടെയെങ്കിലുമാണ് മത്സരിക്കുവാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ നന്ദിഗ്രാമില്‍ തുടക്കത്തില്‍ ബിജെപി സ്വപ്നം കണ്ട ധ്രുവീകരണ സമവാക്യം സഫലമാകുമായിരുന്നു. പക്ഷെ ഇന്നിപ്പോള്‍ മമത അവര്‍ക്ക് വ്യക്തവും ശക്തവുമായ ഒരു ഭീഷണി തന്നെയാണ്. ഹിന്ദു ഭൂരിപക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുവാന്‍ തക്കവണ്ണം കഴിവുള്ള ഒരു അതിശക്തയായ എതിരാളി തന്നെയാണ് മമത അവര്‍ക്ക്. അതിനാല്‍ 70-30 ഫോര്‍മുലയുടെ ഉള്‍പ്പിരിവുകള്‍ വളരെ അധികം വ്യക്തമായി കാണാം. ഈ സങ്കീര്‍ണ്ണതകള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നു കൊണ്ട് നന്ദിഗ്രാമില്‍ നിന്നു തന്നെയുള്ള സിപിഐഎമ്മിന്‍റെ യുവതുര്‍ക്കി മീനാക്ഷി മുഖര്‍ജിയുടെ വ്യക്തമായ സാന്നിധ്യവും അവിടെയുണ്ട്. തീപ്പൊരി വനിത എന്ന വിശേഷിപ്പിക്കാവുന്ന മീനാക്ഷി മുഖര്‍ജി തന്‍റെ പ്രചാരണങ്ങളില്‍ അതിന്‍റെ ആളിക്കത്തല്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് മാത്രമല്ല, ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ഒരുപോലെ അത്യധികം ആഗ്രഹിക്കുന്ന ഹിന്ദു ഭൂരിപക്ഷ വോട്ടുകളില്‍ ഒരു വിള്ളല്‍ വീഴ്ത്തുവാന്‍ അവര്‍ക്ക് കഴിയുകയും ചെയ്യും.