കോഴിക്കോട്: പൊലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (41) മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയുടെ മര്‍ദനമേറ്റ സജീവന്‍ സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
വടകര പൊലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് മരിച്ചു: എസ്.ഐ മര്‍ദിച്ചെന്ന് സുഹൃത്തുക്കള്‍ - kozhikode
വടകര കല്ലേരി സ്വദേശിയാണ് മരിച്ചത്. ഇയാളും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും, നഷ്‌ടപരിഹാരത്തെ ചൊല്ലി വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്നുമാണ് ഇവരെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്
വ്യാഴാഴ്‌ച രാത്രി സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടായി. നഷ്‌ടപരിഹാര തുകയെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് വിഷയം പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. സ്‌റ്റേഷനിലെത്തിയ സജീവനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മര്‍ദിച്ചതായി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ആരോപിച്ചു.
നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് സജീവന്‍ പറഞ്ഞെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. വാഹനാപകടത്തെ തുടര്‍ന്നുള്ള തര്‍ക്കം പരിഹരിച്ചതിന് പിന്നാലെ സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങവെ സജീവന്‍ കുഴഞ്ഞുവീഴുകയായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സജീവന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.