ചോദ്യംചെയ്യലിനായി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ 21 കാരന്‍ ആത്മഹത്യ ചെയ്‌തു കൊല്ലം: ചവറയിൽ പൊലീസ് സ്‌റ്റേഷനിലേക്ക് ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയതിന് പിന്നാലെ ജീവനൊടുക്കിയ 21 കാരന്‍റെ മൃതദേഹവുമായി ബന്ധുക്കൾ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. ചവറ സ്വദേശി അശ്വന്തിന്‍റെ ആത്മഹത്യ പൊലീസ് പീഡനം മൂലമെന്നാരോപിച്ചാണ് ബന്ധുക്കൾ സ്‌റ്റേഷന്‍ ഉപരോധിച്ചത്. മകളെ ശല്യം ചെയ്യുന്നുവെന്ന പൊലീസ് ക്യാമ്പിലെ അസിസ്‌റ്റന്‍റ് കമാന്‍റ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അശ്വന്തിനെ ചവറ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
'പരാതി'യെടുത്ത ജീവന്‍:നീണ്ടകര സ്വദേശിനിയായ പെണ്‍കുട്ടിയുമായി അശ്വന്ത് പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ അച്ഛൻ മകളെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ചു ചവറ പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് ഇന്നലെ അശ്വന്തിനെ പൊലീസ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. യുവാവിനെ ചോദ്യം ചെയ്യുന്നതറിഞ്ഞ പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പിന്നാലെ രാവിലെ വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് അശ്വന്തിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.
എന്നാൽ ഈ വിവരമൊന്നും അശ്വന്ത് വീട്ടുകാരോട് അറിയിച്ചില്ലായിരുന്നു. രാത്രി 10.30 ന് സുഹൃത്തുകളാണ് അശ്വന്തിനെ വീട്ടിലെത്തിച്ചത്. വീട്ടിലെത്തി മുറിയിൽ കയറി കതകടച്ച യുവാവിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചത് മൂലമാണ് അശ്വന്ത് ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
പൊലീസിന് വീഴ്‌ച പറ്റിയോ:പെണ്‍കുട്ടിയുടെ ബന്ധുക്കൾ വീട്ടിലെത്തി മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതായി അശ്വന്തിന്‍റെ സഹോദരൻ പറഞ്ഞു. യുവാവിന്‍റെ മരണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചവറ പൊലീസ് സ്‌റ്റേഷന് മുന്നിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു.
അതേസമയം യാതൊരു പീഡനവുമുണ്ടായിട്ടില്ല എന്നാണ് ചവറ പൊലീസിന്‍റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ദക്ഷിണ മേഖല റെയിഞ്ച് ഡിഐജി, കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ യോഗം ചേരും. പൊലീസിന് വീഴ്‌ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പ്രതിഷേധ സ്ഥലത്തെത്തിയ ചവറ എംഎൽഎ സുജിത് വിജയൻ പിള്ള പറഞ്ഞു.