പാലക്കാട്: ചിറ്റൂർ അഞ്ചാംമൈലിൽ സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂങ്കിൽമട ഇന്ദിരാനഗർ കോളനിയിലെ രങ്കന്റെ മകൾ ജ്യോതിർമണി (45) ആണ് മരിച്ചത്. ഇവർക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് ആനമല സ്വദേശി വീരാസ്വമിയെ (46) പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.
കൊലപാതകമെന്ന് സംശയം: കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭർത്താവുമായി ബന്ധം പിരിഞ്ഞ ജ്യോതിർമണി ഒരുവർഷമായി വീരാസ്വാമിക്കൊപ്പം അഞ്ചാംമൈലിൽ പൂട്ടിക്കിടക്കുന്ന ഭഗവതി മില്ലിന് എതിർവശം പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി ഒരുമിച്ചു താമസിച്ചുവരികയായിരുന്നു. ഇയാൾക്ക് തമിഴ്നാട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.