മലപ്പുറം :ഭർത്താവിന്‍റെആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി അഹിൻഷ ഷെറിനാണ് (27) മരിച്ചത്. നവംബർ അഞ്ചിന് പുലർച്ചെ മൂന്നിനാണ് അഹിൻഷയ്ക്ക് നേരെ ഭർത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.
മാറി താമസിക്കുന്ന ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം ; ചികിത്സയിലിരിക്കെ യുവതി മരണത്തിന് കീഴടങ്ങി - കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി
മലപ്പുറം ചെമ്പ്രശ്ശേരിയില്‍ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തെ തുടർന്ന് സാരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു
ഇരുവരും ഒരുവർഷത്തോളമായി പിരിഞ്ഞ് മാറിത്താമസിക്കുകയായിരുന്നു. സംഭവ ദിവസം അമ്പലക്കള്ളിയിലെത്തിയ ഷാനവാസ് ഓട് പൊളിച്ച് വീട്ടിൽ കയറി അഹിൻഷയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അഹിൻഷ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ നവംബർ 11ന് രാത്രി 11 മണിയോടെ മരണപ്പെട്ടു.
ആക്രമണത്തെ ചെറുക്കാനുള്ള അഹിൻഷയുടെ ശ്രമത്തെ തുടർന്ന് ഷാനവാസിനും പരിക്കേറ്റിരുന്നു. നിലവില്‍ ഇയാള്‍ പൊലീസ് കസ്‌റ്റഡിയിൽ ചികിത്സയിലാണ്. അഹിന്‍ഷയുടെ ഖബറടക്കം പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ആലുംകുന്ന് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും. നദ്‌വ, നഹൽ എന്നിവരാണ് മക്കള്‍.