ജംഷഡ്‌പുര്‍ (ജാര്‍ഖണ്ഡ്): വിദേശത്ത് നിന്ന് കൊണ്ടുവന്ന പാമ്പുകളും മറ്റ് വിഷ വസ്‌തുക്കളുമായി സ്‌ത്രീ പിടിയില്‍. വിപണിയില്‍ കോടികള്‍ വിലവരുന്ന വിദേശത്ത് നിന്ന് കൊണ്ടുവന്ന 28 ഓളം പാമ്പുകളും വിഷ വസ്‌തുക്കളുമായി നീലാഞ്ചല്‍ എക്‌സ്പ്രസിലെത്തിയ സ്‌ത്രീയെ ടാറ്റ നഗര്‍ റെയില്‍വെ സ്‌റ്റേഷന്‍ പൊലീസാണ് പിടികൂടിയത്. സ്‌ത്രീയില്‍ നിന്നും ഈ ജീവികളെ പിടിച്ചെടുത്ത പൊലീസ് ലേലം മറ്റുമുള്ള നടപടികള്‍ക്കായി വനം വകുപ്പിന് കൈമാറി.
ഒരു സ്‌ത്രീ ബാഗ് നിറയെ വിദേശയിനം പാമ്പുകളുമായി ഡല്‍ഹിയിലേക്ക് ടാറ്റ നഗര്‍ വഴി ട്രെയിനില്‍ സഞ്ചരിക്കുന്നതായി ഖരഗ്‌പുര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്നും ഇവരുടെ ബാഗില്‍ നിന്നും വിദേശയിനം പാമ്പുകള്‍, പച്ച ഓന്ത്, വിഷകാരിയായ ചിലന്തി, കറുത്ത പുഴു തുടങ്ങിയവ കണ്ടെടുത്തുവെന്നും ടാറ്റ നഗര്‍ റെയില്‍വെ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് സഞ്ജയ് തിവാരി പറഞ്ഞു. ഈ ബാഗ് കൈമാറിയ ആളെ കുറിച്ച് ഇവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഡല്‍ഹിയിലുള്ള അറിയാത്ത ഒരാള്‍ക്കാണ് ഇതു കൈമാറേണ്ടിയിരുന്നതെന്നാണ് ഇവര്‍ അറിയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.