കോഴിക്കോട്: ദുബായിൽ ആത്മഹത്യ ചെയ്‌ത മലയാളി വ്ലോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാനൊരുങ്ങി പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്‌പി ആ.ർ.ഡി.ഒയ്ക്ക് അപേക്ഷ നൽകി. അനുമതി ലഭിക്കുന്നതോടെ തഹസിൽദാരുടെ മേൽനോട്ടത്തിൽ മെഡിക്കൽ കോളജിലെ ഡോക്ടർമാർ നടപടികൾ പൂർത്തിയാക്കും.
ദൂരുഹത മാറാതെ ആത്മഹത്യ; മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്യാനൊരുങ്ങി പൊലീസ് - റിഫ മെഹ്നുവിന്‍റെ ആത്മഹത്യ
ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് പോസ്‌റ്റ്‌മോർട്ടത്തിന് തയ്യാറെടുക്കുന്നത്.
കഴിഞ്ഞ മാർച്ച് ഒന്നാം തിയതി ദുബായിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച റിഫയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടം ചെയ്യാതെയാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. വീടിനടുത്തുള്ള പള്ളി കബർ സ്ഥാനിലാണ് മൃതദേഹം അടക്കം ചെയ്‌തത്. തുടർന്ന് ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് പോസ്‌റ്റ്‌മോർട്ടത്തിന് തയ്യാറെടുക്കുന്നത്.
അതിനിടെ മരണത്തില്‍ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അമ്മയുടെ പരാതിയിൽ ഭർത്താവ് മെഹ്നാസിനെതിരെ കഴിഞ്ഞ ദിവസം കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.